ഐ.സി.സി. വനിതാ ഏകദിന ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്കെതിരെ മികച്ച സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യന്‍ വനിതകള്‍. വിശാഖപട്ടണം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ഒരു പന്ത് ബാക്കി നില്‍ക്കെ 251 റണ്‍സിന് പുറത്തായി. ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയ്ക്ക് അര്‍ധ സെഞ്ച്വറി നേടി ജീവന്‍ നല്‍കിയത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷാണ്.
ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ സൗത്ത് ആഫ്രിക്ക ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മികച്ച നിലയില്‍ തുടങ്ങിയ ഇന്ത്യ പിന്നീട് പ്രോട്ടിയാസിന്റെ ബൗളിങ്ങിന് മുമ്പില്‍ പതറുകയായിരുന്നു. ഓപ്പണിങ്ങില്‍ പ്രതിക റാവലും സ്മൃതി മന്ഥാനയും ചേര്‍ന്ന് 55 റണ്‍സ് ചേര്‍ത്തതിന് ശേഷമാണ് പിരിഞ്ഞത്.
32 പന്തില്‍ 23 റണ്‍സെടുത്ത മന്ഥാനയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 28 റണ്‍സ് ഈ സ്‌കോറിലേക്ക് ചേര്‍ത്തപ്പോഴേക്കും അടുത്ത വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. 23 പന്തില്‍ 13 റണ്‍സെടുത്ത ഹാര്‍ലീന്‍ ഡിയോളിന്റെ വിക്കറ്റാണ് സൗത്ത് ആഫ്രിക്ക എടുത്തത്.
മൂന്ന് ഓവറുകള്‍ക്ക് ശേഷം ഓപ്പണര്‍ പ്രതിക റാവല്‍ (56 പന്തില്‍ 37) തിരികെ നടന്നു. അടുത്ത ഓവറില്‍ റണ്‍സൊന്നും എടുക്കാതെ ജെമിമ റോഡ്രിഗസും മടങ്ങി. പിന്നാലെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വലിയ സ്‌കോര്‍ കണ്ടെത്താതെ പുറത്തായി. 24 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് താരം നേടിയത്.
ഇന്ത്യയ്ക്ക് തിരിച്ചടിയായി അടുത്ത ഓവറിലും ഒരു താരം തിരികെ മടങ്ങി. ഇത്തവണ 14 പന്തില്‍ നാല് റണ്‍സ് എടുത്ത ദീപ്തി ശര്‍മയാണ് പുറത്തായത്. പിന്നാലെ ക്രീസില്‍ എത്തിയ റിച്ച ഘോഷ് അമന്‍ജോത് കൗറുമായി ചേര്‍ന്ന് 51 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി.
എന്നാല്‍, ചോളെ ട്രയോണ്‍ അമന്‍ജോത് കൗറിനെ വീഴ്ത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. 44 പന്തില്‍ 13 റണ്‍സ് ചേര്‍ത്താണ് താരം മടങ്ങിയത്.
ഈ വിക്കറ്റ് നഷ്ടമായതോടെ റിച്ച ഘോഷും സ്‌നേഹ് റാണയും ഒന്നിച്ചു. ഇരുവരും ചേര്‍ന്ന് ബാറ്റിങ്ങിന്റെ ഗിയര്‍ മാറ്റി. അതോടെ സ്‌കോര്‍ ബോര്‍ഡിലേക്ക് വളരെ പെട്ടെന്ന് റണ്ണൊഴുകി. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തി. ഇരുവരും ചേര്‍ന്ന് 88 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി.
49ാം ഓവറില്‍ സ്‌നേഹ് റാണ 24 പന്തില്‍ 33 റണ്‍സെടുത്ത് മടങ്ങി. എന്നിട്ടും റിച്ച തന്റെ ബാറ്റിങ് തുടര്‍ന്നു. എന്നാല്‍ താരം ഏറെ വൈകാതെ തിരികെ നടന്നു. നദീന്‍ ഡി ക്ലെര്‍ക്കാണ് താരത്തിന്റെ വിക്കറ്റെടുത്തത്. 77 പന്തില്‍ 94 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്.
ഇതിനിടെ രണ്ട് തവണ റിച്ചയുടെ ക്യാച്ച് സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ ഡ്രോപ്പ് ചെയ്തിരുന്നു. കൂടാതെ ഒരു റണ്‍ഔട്ടും പാഴാക്കി.
റിച്ചക്ക് പിന്നാലെ നല്ലപുരെഡ്ഡി ചരണി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. അതോടെ ഒരു പന്ത് ബാക്കി നില്‍ക്കെ 251ന് പുറത്തായി. ക്രാന്തി ഗൗഡ് പുറത്താവാതെ നിന്നു.
സൗത്ത് ആഫ്രിക്കക്കായി ട്രയോണ്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. നോന്‍കുലുലെക്കോ മ്ലാബ, മാരിസാന്‍ കാപ്പ്, നദീന്‍ ഡി ക്ലെര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ടുമി സെഖുഖുനെ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Content Highlight: Indian Women’s Cricket team pose total of 251 against South Africa in ICC Women’s ODI World Cup with Richa Ghosh stunning performance