| Saturday, 30th May 2026, 10:28 pm

തുടക്കം മുതലാക്കാനായില്ല; ഇംഗ്ലണ്ടിന് മുന്നില്‍ അടിയറവ് പറഞ്ഞ് ഇന്ത്യ

ഫസീഹ പി.സി.

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി – 20യില്‍ പരാജയപ്പെട്ട് ഇന്ത്യന്‍ വനിതകള്‍. മത്സരത്തില്‍ 26 റണ്‍സിനാണ് ടീമിന്റെ തോല്‍വി. ഫ്രേയ കെമ്പിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 169 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 142 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. ഇതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യക്ക് ഒപ്പമെത്തി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് എടുത്തിരുന്നു. ആറാമനായി ഇറങ്ങിയ ഫ്രേയ കെമ്പാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 13 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സറുകളും നാല് ഫോറുകളും അടക്കം പുറത്താവാതെ 39 റണ്‍സാണ് എടുത്തത്.

ഡാനി വ്യാറ്റ് ഹോഡ് 25 പന്തില്‍ 29 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി. ഒപ്പം ആമി ജോണ്‍സ് (22 പന്തില്‍ 28), ആലീസ് കാപ്‌സി (25 പന്തില്‍ 28) എന്നിവരും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു.

ഇന്ത്യക്കായി ബൗളിങ്ങില്‍ ശ്രീ ചരണി തിളങ്ങി. താരം വെറും 25 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. താരത്തിനൊപ്പം ശ്രേയങ്ക പാട്ടീലും നന്ദിനി ശര്‍മയും ഓരോ വിക്കറ്റുകള്‍ വീതം നേടി.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ടോപ് ഓര്‍ഡര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും മധ്യനിര തകര്‍ന്നതാണ് ടീമിന് വിനയായത്. ഇന്ത്യന്‍ വനിതകള്‍ക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 142 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.

റിട്ടയേര്‍ഡ് ഔട്ടായി മടങ്ങിയ യാസ്തിക ഭാട്ടിയയാണ് ടോപ് സ്‌കോറര്‍. താരം 36 പന്തില്‍ അഞ്ച് ഫോറടക്കം 33 റണ്‍സാണ് എടുത്തത്. സ്മൃതി മന്ഥാന 25 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറുകള്‍ ഉള്‍പ്പെടെ 32 റണ്‍സും സ്‌കോര്‍ ചെയ്തു.

22 പന്തില്‍ 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും 14 പന്തില്‍ 22 റണ്‍സ് നേടിയ ഷെഫാലി വര്‍മയും ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റാര്‍ക്കും കാര്യമായി സംഭാവന ചൈയ്യാന്‍ സാധിച്ചില്ല.

ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ചാര്‍ളി ഡീന്‍, ഫ്രേയ കെമ്പ്, ലോറന്‍ ബെല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു. ഒപ്പം സോഫി എക്ലെസ്റ്റോണ്‍ ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: Indian Women lost second T20I match against England Women

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more