ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ നിരവധി ചരിത്രനേട്ടങ്ങളിലേക്ക് നയിച്ച ഇതിഹാസ നായിക ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങി. 2025ലെ ഏകദിന ലോകകപ്പ് കിരീടം ഉൾപ്പെടെ നിരവധി നേട്ടങ്ങളിലേക്ക് പെൺപടയെ നയിച്ച ഹർമൻപ്രീതിന്റെ ദീർഘകാല ക്യാപ്റ്റൻസിക്കാണ് ഇതോടെ വിരാമമായത്.
ഹർമൻപ്രീത് കൗർ
അടുത്തിടെ 2026ലെ ഏഷ്യാ കപ്പ് കിരീടവും ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡലും ഹർമൻപ്രീതിന്റെ നേതൃത്വത്തിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു. വരാനിരിക്കുന്ന ടൂർണമെന്റുകൾക്ക് മുന്നോടിയായി ഇന്ത്യൻ ടീം വലിയൊരു മാറ്റത്തിലേക്ക് കടക്കുന്നതിനിടെയാണ് ഹർമൻപ്രീതിന്റെ തീരുമാനം.
2012ലാണ് ഹർമൻപ്രീത് കൗറിന്റെ കപ്പിത്താനായുള്ള യാത്ര ആരംഭിച്ചത്. ഇടയ്ക്ക് മാത്രം ക്യാപ്റ്റനായി നിന്നിരുന്ന താരം പിന്നീട് മൂന്ന് ഫോർമാറ്റുകളിലെയും സ്ഥിരം ക്യാപ്റ്റനായിമാറുകയായിരുന്നു. വനിതാ ടി-20 ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നയിച്ച താരമെന്ന റെക്കോർഡും ഹർമൻപ്രീതിന്റെ പേരിലാണ്. അവസാന നാല് ടി-20 ലോകകപ്പുകളിലും ഇന്ത്യയിക്ക് വഴികാട്ടിയ താരം രണ്ട് തവണ ടീമിനെ സെമിഫൈനലിലെത്തിച്ചു.
കഴിഞ്ഞ വർഷം നടന്ന ഹോം ഏകദിന ലോകകപ്പിൽ ഇന്ത്യയെ ചരിത്രത്തിലെ ആദ്യ കിരീടത്തിലേക്ക് ഉയർത്തിയതും ഹർമൻപ്രീതായിരുന്നു. 2017ലെയും 2022ലെയും ലോകകപ്പ് പതിപ്പുകളിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായും താരം പ്രവർത്തിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ താരവും ഹർമൻപ്രീതാണ്. ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കുമെതിരായ ചരിത്ര വിജയങ്ങളിലേക്കും അവർ ടീമിനെ നയിച്ചു.താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഇത്തരമൊരു കാര്യം പങ്കുവെച്ചത്.
ഹർമൻപ്രീത് കൗർ
‘ഇന്ന് എല്ലാ ഫോർമാറ്റുകളിലെയും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഞാൻ പടിയിറങ്ങുകയാണ്. ഇത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല. വർഷങ്ങളായുള്ള ഓർമകളും വികാരങ്ങളും ത്യാഗങ്ങളും ജീവിതകാലം മുഴുവൻ എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങളുമെല്ലാം ഈ തീരുമാനത്തിനൊപ്പമുണ്ട്.
ഈ ടീമിനും ഇന്ത്യൻ വനിതാ ക്രിക്കറ്റിനുമായി എനിക്ക് കഴിയുന്നതെല്ലാം ഞാൻ നൽകി. എന്റെ അധ്വാനവും സമയവും മാത്രമല്ല, പലപ്പോഴും എന്റെ വ്യക്തിഗത പ്രകടനവും വളർച്ചയും വ്യക്തിപരമായ ആഗ്രഹങ്ങളും വരെ മാറ്റിവെച്ചു. ചില ഘട്ടങ്ങളിൽ ടീമിനാണ് എപ്പോഴും മുൻഗണന നൽകേണ്ടതെന്ന് വിശ്വസിച്ചതിനാലാണ് സ്വന്തം താൽപര്യങ്ങൾ പോലും മാറ്റിവെച്ചത്,’ കൗർ പറഞ്ഞു.
ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, മുഖ്യ പരിശീലകൻ അമോൽ മസൂംദാർ എന്നിവർ അടുത്തിടെ ബി.സി.സി.ഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒക്ടോബർ 16ന് ആരംഭിക്കുന്ന സിംബാബ്‌വെക്കെതിരായ ഹോം പരമ്പരയ്ക്ക് മുന്നോടിയായി പുതിയ ക്യാപ്റ്റനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്.
Content Highlights; Indian Women Cricket Captain Harman Preeth Kour leaaving the Captancy