| Sunday, 22nd February 2026, 10:06 am

അന്ന് മിതാലി, ഇപ്പോള്‍ ഹര്‍മനും; ഇവര്‍ ഇന്ത്യയുടെ ചരിത്ര നായികമാര്‍!

ഫസീഹ പി.സി.

ഓസ്ട്രേലിയക്ക് എതിരെയുള്ള ടി – 20 പരമ്പര കഴിഞ്ഞ ദിവസം ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയിരുന്നു. അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന മൂന്നാം മത്സരത്തില്‍ 17 റണ്‍സിന് ജയിച്ചായിരുന്നു ടീമിന്റെ നേട്ടം. ഇതോടെ ഓസ്ട്രേലിയന്‍ മണ്ണില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഹോം ടീമിനെ തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സാധിച്ചു.

ഇത് ഓസ്ട്രേലിയയ്ക്ക് എതിരെയുള്ള ഇന്ത്യന്‍ വനിതകളുടെ രണ്ടാം ടി – 20 പരമ്പര വിജയമാണ്. അതാകട്ടെ വര്‍ഷങ്ങളുടെ ഇടവേളയിലാണ് സ്വന്തമാക്കിയതെന്നതാണ് ശ്രദ്ധേയം.

ഇന്ത്യൻ ടീം. Photo: Female Cricket/x.com

2016ലാണ് ഇന്ത്യ ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരെ ആദ്യമായി ഒരു ടി – 20 പരമ്പര സ്വന്തമാക്കിയത്. മിതാലി രാജിന്റെ കീഴില്‍ ഇറങ്ങിയ ടീമിന്റെ അന്നത്തെ പരമ്പര നേട്ടം 2 – 1 നായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ ജയിച്ചായിരുന്നു ഇന്ത്യന്‍ വനിതകള്‍ വിജയിച്ചത്.

ഇപ്പോള്‍ പത്ത് വര്‍ഷത്തിന് ശേഷം ഇന്ത്യ ഓസീസിനെതിരെ വീണ്ടുമൊരു ടി – 20 പരമ്പര നേടിയെടുത്തിരിക്കുന്നു. അതും 2 -1 എന്ന നിലയില്‍ തന്നെ. ഹര്‍മന്‍പ്രീത് കൗറിന്റെ കീഴിലെത്തിയ ഇന്ത്യന്‍ സംഘം വിജയത്തോടെയാണ് പരമ്പര സ്വന്തമാക്കിയത്.

2016ൽ ഓസ്‌ട്രേലിക്ക് എതിരെ ടി – 20 പരമ്പര നേടിയ ഇന്ത്യൻ ടീം. Photo: Female Cricket/x.com

എന്നാല്‍, രണ്ടാം മത്സരത്തില്‍ ഓസീസ് തിരിച്ചടിച്ചു. ഈ തിരിച്ചുവരവില്‍ പതറാതെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിനിറങ്ങിയ ഹര്‍മന്റെ സംഘം ജയവുമായാണ് തിരിച്ച് കയറിയത്.

അതോടെ കാത്തിരിപ്പിനൊടുവില്‍ മറ്റൊരു ടി – 20 പരമ്പര തങ്ങളുടെ അക്കൗണ്ടിലെത്തിക്കാന്‍ വനിതാ ടീമിന് സാധിച്ചു. ഈ രണ്ട് പരമ്പര വിജയങ്ങളും ഓസ്ട്രേലിയന്‍ മണ്ണിലാണ് എന്നതും ഇതിന്റെ മാറ്റ് കൂട്ടുന്നു.

അതേസമയം, മത്സരത്തില്‍ ഇന്ത്യക്കായി സ്മൃതി മന്ഥാനയും ജെമീമ റോഡ്രിഗസും അര്‍ധ സെഞ്ച്വറി നേടി. മന്ഥാന 55 പന്തില്‍ 82 റണ്‍സും ജെമീമ 46 പന്തില്‍ 59 റണ്‍സും സ്‌കോര്‍ ചെയ്തു.

സ്‌മൃതി മന്ഥാനയും ജെമീമ റോഡ്രിഗസും. Photo: Female Cricket/x.com

ഓസീസിനായി അനബെല്‍ സതര്‍ലാന്‍ഡ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. കിം ഗാര്‍ത്തും സോഫി മോളിനക്സും ഓരോ വിക്കറ്റുകളും നേടി.

മറുപടി ബാറ്റിങ്ങില്‍ ഓസീസിനായി ആഷ്ലി ഗാര്‍ഡ്‌നര്‍ മാത്രമാണ് തിളങ്ങിയത്. താരം 45 പന്തില്‍ 57 റണ്‍സെടുത്തു. 17 പന്തില്‍ 26 റണ്‍സെടുത്ത ഫോബി ലിച്ച് ഫീല്‍ഡാണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍.

ഇന്ത്യക്കായി ശ്രേയങ്ക പാട്ടീലും നല്ലപുരേഡ്ഡി ചരണിയും മൂന്ന് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. അരുന്ധതി റെഡ്ഡി രണ്ട് വിക്കറ്റുകളും നേടി.

Content Highlight: Indian women clinch their second T20 series against Australia after 10 years

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more