| Friday, 26th December 2025, 10:05 pm

കാര്യവട്ടത്ത് കംപ്ലീറ്റ് ഡോമിനേഷന്‍; ലങ്കയെ ചാരമാക്കി ഇന്ത്യയ്ക്ക് പരമ്പര

ഫസീഹ പി.സി.

ശ്രീലങ്കക്ക് എതിരായ ടി – 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ടീം പരമ്പര നേടിയെടുത്തത്. ബൗളിങ്ങില്‍ രേണുക സിങ് താക്കൂര്‍ – ദീപ്തി ശര്‍മ സഖ്യം തിളങ്ങിയപ്പോള്‍ ബാറ്റിങ്ങില്‍ ഷെഫാലി വര്‍മയുടെ കരുത്ത് ലങ്കന്‍ വനിതകള്‍ അറിഞ്ഞു.

മത്സരത്തില്‍ ലങ്കന്‍ വനിതകള്‍ ഉയര്‍ത്തിയ 113 റണ്‍സിന്റെ വിജയലക്ഷ്യം 40 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യന്‍ സംഘം മറികടക്കുകയായിരുന്നു. 13ാം ഓവറിലെ രണ്ടാം പന്തില്‍ ഫോറടിച്ചാണ് ഷെഫാലി ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്.

ശ്രീലങ്ക ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നാലാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയെയാണ് 27 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ആതിഥേയര്‍ക്ക് നഷ്ടമായത്. ആറ് പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയായിരുന്നു താരത്തിന്റെ മടക്കം.

പിന്നാലെ ബാറ്റിങ്ങിന് എത്തിയ ജെമീമ റോഡ്രിഗസിനെ കൂട്ടുപിടിച്ച് ഷെഫാലി ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ സ്‌കോര്‍ ബോര്‍ഡില്‍ 67 റണ്‍സ് ആയപ്പോള്‍ ജെമീമ തിരികെ നടന്നു. 15 പന്തില്‍ ഒമ്പത് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

രണ്ടാം വിക്കറ്റ് വീണതിന് ശേഷം ഒത്തുചേര്‍ന്ന ഷെഫാലി – ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു. ഷെഫാലി 42 പന്തില്‍ 79 റണ്‍സുമായി പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് 18 പന്തില്‍ പുറത്താവാതെ 21 റണ്‍സും ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തു.

ഷെഫാലി വർമയും ഹർമൻപ്രീത് കൗറും. Photo: BCCI Women/x.com

ശ്രീലങ്കക്കായി കവിത ദില്‍ഹാരി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക, ഇന്ത്യയുടെ ബൗളിങ്ങില്‍ കരുത്തിന് മുന്നില്‍ അടിപതറിയിരുന്നു. ടീമിന് നിശ്ചിത ഓവറില്‍ 112 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.

സന്ദര്‍ശകര്‍ക്കായി ഇമേശ ദുലാനിയും ഹസിനി പെരേരയും ഭേദപ്പെട്ട പ്രകടനം നടത്തി. ദുലാനി 32 പന്തില്‍ 27 റണ്‍സ് എടുത്തപ്പോള്‍ പെരേര 18 പന്തില്‍ 25 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.

കൂടാതെ, 13 പന്തില്‍ 20 റണ്‍സുമായി കവിഷ ദില്‍ഹാരിയും 16 പന്തില്‍ പുറത്താവാതെ 19 റണ്‍സുമായി കൗഷാനി നുത്യംഗനയും സംഭാവന ചെയ്തു. മറ്റാര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല.

മത്സരത്തിനിടെ ഇന്ത്യൻ ടീം. Photo: BCCI Women/x.com

ഇന്ത്യക്കായി ബൗളിങ്ങില്‍ തിളങ്ങിയത് രേണുക സിങ് താക്കൂറും ദീപ്തി ശര്‍മയുമാണ്. രേണുക നാല് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ദീപ്തി മൂന്ന് വിക്കറ്റും സ്വന്തം അക്കൗണ്ടിലെത്തിച്ചു.

Content Highlight: Indian Women Clinch T20 series against Sri Lankan Women

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more