| Wednesday, 26th August 2026, 7:12 am

എനിക്ക് ആ ഫോർമാറ്റ് ഇഷ്ടമാണ്, പക്ഷെ ആളുകൾ എന്നെ വിശ്വസിക്കില്ല: ഇഷാൻ കിഷൻ

സുദേവ് എ

ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാനുള്ള തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടുള്ള ഏതൊരു താരത്തിനും ആ ഫോർമാറ്റ് ഇഷ്ടമാവുമെന്നാണ് ഇഷാൻ കിഷൻ പറഞ്ഞത്.

റെഡ് ബോൾ ഫോർമാറ്റ് കളിക്കാൻ തനിക്ക് ഇഷ്ടമാണെന്നുള്ളത് ആളുകൾ വിശ്വസിക്കില്ലെന്നും ഇഷാൻ കിഷൻ വ്യക്തമാക്കി. ദുലീപ് ട്രോഫിക്കിടെ ഇന്ത്യയ്ക്കായി വീണ്ടും ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ വിക്കറ്റ് കീപ്പർ.

‘തീർച്ചയായും ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടുള്ള എല്ലാവർക്കും ഈ ഫോർമാറ്റ് ഇഷ്ടപെടും. ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യം എന്താണെന്നും അത് ഒരു താരത്തെ എങ്ങനെ മികച്ചതാക്കുമെന്നും ഞങ്ങൾക്കറിയാം. ആളുകൾ എന്നെ വിശ്വസിക്കില്ല. പക്ഷേ എനിക്ക് റെഡ് ബോൾ ക്രിക്കറ്റ് ശരിക്കും ഇഷ്ടമാണ്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്. കാരണം നിങ്ങൾ കളിക്കളത്തിൽ നിൽക്കുമ്പോൾ പന്ത് സ്വിങ് ചെയ്യും. എതിർ ടീമിലെ താരങ്ങൾ നിങ്ങളെ സമ്മർദത്തിലാക്കും. അവരുമായി ചെറിയ തമാശകളും വാക്കുതർക്കങ്ങളും ഉണ്ടാകും,’ ഇഷാൻ കിഷൻ പറഞ്ഞു.

ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ 2023 അരങ്ങേറ്റം കുറിച്ച താരമാണ് ഇഷാൻ. വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു താരത്തിന്റെ ടെസ്റ്റ്‌ അരങ്ങേറ്റം. എന്നാൽ വെറും രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് ഇഷാൻ കിഷന് ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കാൻ സാധിച്ചത്. ഇതിൽ ഒരു ഫിഫ്റ്റിയും താരം കൈപ്പിടിയിലാക്കി. 52 റൺസാണ് ടെസ്റ്റിലെ താരത്തിന്റെ ഉയർന്ന സ്കോർ.

ഇന്ത്യക്ക് വേണ്ടി ഏകദിനത്തിലും ടി-20യിലും മികച്ച സംഭാവനകൾ നൽകിയ ഇഷാന് ടെസ്റ്റ് ക്രിക്കറ്റിൽ വലിയ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ല. റിഷബ് പന്ത്, ധ്രുവ് ജുറെൽ, കെ.എൽ രാഹുൽ തുടങ്ങിയ വിക്കറ്റ് കീപ്പർമാരുടെ സാന്നിധ്യമാണ് ഇഷാനെ പോലുള്ള വിക്കറ്റ് കീപ്പർ ബാറ്റർമാർക്ക് ടെസ്റ്റിൽ അവസരം നഷ്ടമാവാൻ കാരണമായത്.

നിലവിൽ താരം ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിന്റെ ക്യാപ്റ്റനാണ് ഇഷാൻ. ആഭ്യന്തര ക്രിക്കറ്റിലൂടെ മികച്ച പ്രകടനം നടത്തി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരാൻ ആയിരിക്കും താരം ലക്ഷ്യം വെക്കുക.

Content Highlight: Indian wicketkeeper Ishan Kishan has expressed his desire to play Test cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more