| Friday, 5th June 2026, 10:35 pm

ചരിത്ര നേട്ടത്തിലേക്ക് കുതിച്ചുചാടാന്‍ പന്തിന് ഒറ്റ റണ്‍സ് പോലും വേണ്ട; കാത്തിരിക്കുന്നത് കിടിലന്‍ റെക്കോഡ്!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ വണ്‍ ഓഫ് ടെസ്റ്റിന് നാളെയാണ് (ശനി) തുടക്കമാവുന്നത്. പഞ്ചാബിലെ മുല്ലാന്‍പൂരാണ് വേദി. ഐ.പി.എല്ലിന് ശേഷം ഇന്ത്യ ആദ്യമായി കളത്തിലിറങ്ങുന്ന അന്താരാഷ്ട്ര മത്സരമാണിത്.

മത്സരത്തില്‍ ഏവരുടെയും ശ്രദ്ധ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പിന്തിലേക്കാണ്. ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പം നിരാശപ്പെടുത്തിയ പ്രകടനം നടത്തിയ റിഷബ് പന്തിന്റെ തിരിച്ചുവരവാണ് ഈ പരമ്പരയില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം നാളെ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനുള്ള അവസരവും പന്തിനുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ 50 മത്സരം പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്ററാകാനാണ് പന്തിന് സാധിക്കുക. നിലവില്‍ 49 മത്സരങ്ങളാണ് താരം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. നിലവില്‍ 49 മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കിരണ്‍ മോറിനൊപ്പമാണ് പന്ത്.

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

എം.എസ്. ധോണി – 90 മത്സരങ്ങള്‍

സയ്യിദ് കിര്‍മാനി – 88 മത്സരങ്ങള്‍

റിഷബ് പന്ത് – 49 മത്സരങ്ങള്‍

കിരണ്‍ മോറെ – 49 മത്സരങ്ങള്‍

ഫറോഖ് എഞ്ചിനീയര്‍ – 46 മത്സരങ്ങള്‍

റെഡ് ബോളില്‍ പന്ത് 49 മത്സരങ്ങളിലെ 86 ഇന്നിങ്‌സില്‍ നിന്ന് 3476 റണ്‍സാണ് നേടിയത്. എട്ട് സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും താരത്തിനുണ്ട്.

അതേസമയം 2026 ഐ.പി.എല്‍ സീസണില്‍ പന്തിന്റെ കീഴില്‍ പത്താം സ്ഥാനത്തായിരുന്നു ലഖ്നൗ ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളില്‍ നാല് മത്സരങ്ങള്‍ മാത്രമായിരുന്നു എല്‍.എസ്.ജി വിജയിച്ചത്. 10 മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു.

2026 ലെ ഐ.പി.എല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് 28.36 ശരാശരിയില്‍ 312 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 269 റണ്‍സായിരുന്നു പന്ത് നേടിയത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും പന്തിന്റെ പരാജയമാണ് ലഖ്നൗവിനെ തകര്‍ച്ചയിലേക്ക് എത്തിച്ചതെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. സീസണിലെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ പന്ത് എല്‍.എസ്.ജി ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുകയും ചെയ്തു.

റിഷബ് പന്ത്. Photo: IndianPremierLeague/x.com

ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പന്തിനെ നീക്കം ചെയ്തിരുന്നു. പന്തിന് പകരം കെ.എല്‍ രാഹുലിനെയാണ് വൈസ് ക്യാപ്റ്റനായി നിയമിച്ചത്. ഇപ്പോള്‍ റെഡ് ബോള്‍ ക്രിക്കറ്റിലൂടെ ശക്തമായി തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് താരം.

അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, റിഷബ് പന്ത്, ദേവദത്ത് പടിക്കല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുത്താര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, ധ്രുവ് ജുറെല്‍

Content Highlight: Indian Wicket Keeper Batter Rishabh Pant Going To Complete His 50th Test match And Achieve Record

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more