| Tuesday, 3rd June 2025, 4:33 pm

വ്‌ളോഗിനിടെ സ്ത്രീകളോട് അശ്ലീല പരാമർശം; ഇന്ത്യൻ വ്‌ളോഗറെ കസ്റ്റഡിയിലെടുത്ത് തുർക്കി, ക്ഷമാപണവുമായി യുവാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: വ്ലോഗിനിടെ തുർക്കിയിലെ സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശം നടത്തിയ ഇന്ത്യൻ വ്‌ളോഗറെ അറസ്റ്റ് ചെയ്ത തുർക്കി. വ്‌ളോഗർ മാലിക് എസ്ഡി ഖാൻ ആണ് അറസ്റ്റിലായത്.

അറസ്റ്റിന് പിന്നാലെ യുവാവ് വീഡിയോകളൊക്കെ ഡിലീറ്റ് ചെയ്യുകയും ക്ഷമാപണ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മാലിക് ഖാൻ തന്റെ മാലിക് സ്വാഷ്ബക്ലർ എന്ന ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അശ്ലീല പരാമർശം നടത്തിയത്.

തുർക്കിയയിലെ പൊതുയിടത്തിലൂടെ വ്ലോഗ് ചെയ്ത് നടക്കുന്നതിനിടെ കടന്നുപോകുന്ന സ്ത്രീകളെക്കുറിച്ച് ലൈംഗിക ചുവയുള്ള കമന്‍റുകളും അധിക്ഷേപ പരാമർശവും നടത്തുകയായിരുന്നു ഇയാൾ.

ഹിന്ദിയിലുള്ള വാക്കുകൾ നാട്ടുകാർക്ക് മനസിലായില്ലെങ്കിലും, തുർക്കിയയിലെ മറ്റ് സമൂഹമാധ്യമ ഉപയോക്താക്കൾ ഇത് ശ്രദ്ധിക്കുകയായിരുന്നു. സംഭവം തുർക്കിയയിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി. യൂട്യൂബർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് നിരവധി ആളുകൾ രംഗത്തുവന്നു.

ഒരു വീഡിയോയിൽ യുവാവ് ഒരു തുർക്കി സ്ത്രീയെക്കുറിച്ച് ഹിന്ദിയിൽ ലൈംഗിക പരാമർശം നടത്തിയതായും ‘ആ രാത്രിയിൽ അവളെ ബലാത്സംഗം ചെയ്യണോ’ എന്ന് തന്റെ കാഴ്ചക്കാരോട് ചോദിച്ചതായും തുർക്കി ആസ്ഥാനമായുള്ള വെബ്‌സൈറ്റായ തുർക്കി ടുഡേ റിപ്പോർട്ട് ചെയ്തു.

മറ്റൊരു വീഡിയോയിൽ യുവാവ് ഒരു കടയിൽ കയറി ദേഷ്യത്തോടെ ഇന്ത്യൻ പതാക എന്തുകൊണ്ട് പ്രദർശിപ്പിച്ചിട്ടില്ല എന്ന് ചോദിക്കുന്നതും കടയുടമയോട് മോശം ഭാഷയിൽ സംസാരിക്കുന്നതും കാണിക്കുന്നുണ്ട്.

ഇത് തുർക്കിയിൽ വ്യാപകമായ പൊതുജന രോഷത്തിന് കാരണമായി. തുടർന്ന്, മെയ് 31 ന് പ്രസിദ്ധീകരിച്ച ട്രക്കിയെ ടുഡേയിലെ ഒരു റിപ്പോർട്ടിൽ യൂട്യൂബറെ തുർക്കി അധികൃതർ കസ്റ്റഡിയിലെടുത്തതായി പറയുന്നു. എങ്കിലും യൂട്യൂബറുടെ അറസ്റ്റിനെക്കുറിച്ചോ അന്വേഷണത്തിന്റെ നിലയെക്കുറിച്ചോ തുർക്കി അധികൃതർ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.

അതേസമയം യുവാവ് പുതുതായി പോസ്റ്റ് ചെയ്ത വീഡിയോയിൽ അശ്ലീല പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നുണ്ട്. ടർക്കിഷ് ഭാഷയിൽ തന്നെയായിരുന്നു വീഡിയോ ചെയ്തത്. ‘എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ആരെയും വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഞാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. എന്റെ വാക്കുകളോ പ്രവൃത്തികളോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, അത് മനപൂർവമല്ലെന്ന് ദയവായി അറിയുക. ഞാൻ കാരണം ആളുകൾക്ക് ദുഖമുണ്ടായി എന്നത് എന്നെ വേദനിപ്പിക്കുന്നു,’ വീഡിയോയിൽ പറയുന്നു.

Content Highlight: Indian vlogger held in Turkey for sexual remarks; deletes clip, apologises

Latest Stories

We use cookies to give you the best possible experience. Learn more