ന്യൂദല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ പാകിസ്ഥാനെ പിന്തുണച്ചതില്‍ പ്രതിഷേധിച്ച് തുര്‍ക്കിക്കും അസര്‍ബൈജാനും പൂര്‍ണനിരോധനം പ്രഖ്യാപിച്ച് ഇന്ത്യന്‍ വ്യാപാരികള്‍. ഇരുരാജ്യങ്ങളെയും പൂര്‍ണമായി ബഹിഷ്‌ക്കരിക്കുമെന്നാണ് ആഹ്വാനം.
ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യന്‍ വ്യാപാരികളുടെ യോഗത്തിലാണ് നീക്കം. ഇരുരാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്നാണ് തീരുമാനം.
ഇന്ത്യയ്‌ക്കെതിരായ നീക്കത്തില്‍ പാകിസ്ഥാനെ അസര്‍ബൈജാനും തുര്‍ക്കിയും പരസ്യമായി പിന്തുണച്ചുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഇറക്കുമതികളും കയറ്റുമതിയുമെല്ലാം ഉടന്‍ അവസാനിപ്പിക്കുകയാണെന്നും ബി.ജെ.പി എം.പിയും കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറലുമായ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു.
ഇരുരാജ്യങ്ങളിലേക്കും ഇനി ഇറക്കുമതിയോ കയറ്റുമതിയോ നടക്കില്ലെന്നും തുര്‍ക്കിയിലും അസര്‍ബൈജാനിലും പരസ്യങ്ങളോ സിനിമകളോ ചിത്രീകരിക്കരുതെന്നും ഇന്ത്യന്‍ കമ്പനികളോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
പല കമ്പനികളും അവരുടെ ഉത്പന്നങ്ങളുടെ പരസ്യം ചിത്രീകരിക്കുന്നതിനായി ഈ രാജ്യങ്ങളില്‍ പോകുന്നുവെന്നും ഇത് ആവര്‍ത്തിച്ചാല്‍ ആ കമ്പനികളെയും ഇന്ത്യയില്‍ നിരോധിക്കുമെന്നും വ്യാപാരി നേതാവ് പറഞ്ഞു.
വര്‍ഷങ്ങളായി തങ്ങള്‍ തുര്‍ക്കി വ്യാപാരത്തെ പിന്തുണയ്ക്കുന്നുവെന്നും പക്ഷേ നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ തുടരാന്‍ സാധിക്കില്ലെന്നും ദേശീയ വികാരം അപമാനിക്കപ്പെട്ട നിലപാടായിരുന്നു തുര്‍ക്കിയുടേതെന്നും നേതാക്കള്‍ പറഞ്ഞു.
തുര്‍ക്കിയില്‍ നിന്നുള്ള ആപ്പിള്‍, പച്ചക്കറി മൊത്തവ്യാപാര വിപണിയായ ദല്‍ഹിയിലെ ആസാദ്പൂര്‍ മണ്ടി, തുടങ്ങിയവയുടെ ഇറക്കുമതി നിര്‍ത്തിയതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങളിലുമുള്ളവര്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടും പ്രതിഷേധം നടന്നിരുന്നു.
Content Highlight: Indian traders boycott Turkish and Azerbaijani products in support of Pakistan