2026 ടി – 20 ലോകകപ്പിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. ഈ കാത്തിരിപ്പിന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രമാണുള്ളത്. നാളെ (ഫെബ്രുവരി ഏഴ്) അരങ്ങുണരുന്ന മത്സരത്തിന് മാര്‍ച്ച് എട്ടിനാണ് തിരശീല വീഴുക.
കിരീടം നേടുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ടൂർണമെന്റിനെത്തുന്ന 20 ടീമുകളും തയ്യാറെടുക്കുന്നത്. ആതിഥേയരായ ഇന്ത്യയാകട്ടെ കിരീടം നിലനിര്‍ത്താന്‍ മോഹിച്ചാണ് കളത്തിലിറങ്ങുന്നത്. ഈ ലക്ഷ്യത്തിനായി ഒരു പറ്റം വെടിക്കെട്ട് താരങ്ങളുമായാണ് ഇന്ത്യയുടെ ഒരുക്കം.
ഇന്ത്യൻ ടീം. Photo: BCCI/x.com
നാളെ ടൂര്‍ണമെന്റിന് തുടക്കമാവുമ്പോള്‍ ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെയും കണ്ണുകള്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങളിലാവും. ആരാണ് ഇത്തവണ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുകയെന്ന ആകാംക്ഷ ഏവരിലുണ്ട്.
ലോകകപ്പ് ചരിത്രത്തില്‍ ഒരു എഡിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോഡ് സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ പേരിലാണ്. 2014ല്‍ താരമെടുത്ത 319 റണ്‍സാണ് ഇത്. രണ്ടാം സ്ഥാനത്തും വിരാട് തന്നെയാണ്. 2022ലെ 296 റണ്‍സാണ് രണ്ടാം സ്ഥാനത്തുള്ളത്.
ഇതുമാത്രമല്ല, നാല് ലോകകപ്പില്‍ വിരാട് ഇന്ത്യയുടെ ടോപ് സ്‌കോററായി. 2014, 2022ന് പുറമെ 2012, 2016ലും താരം ഇന്ത്യക്കാരില്‍ ഒന്നാമതായി. മറ്റൊരു താരവും ഒന്നിലധികം തവണ ലോകകപ്പില്‍ ടീമിന്റെ ടോപ് സ്‌കോററായിരുന്നില്ല. ഗൗതം ഗംഭീര്‍, യുവരാജ് സിങ്, സുരേഷ് റെയ്‌ന, കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ എന്നിവരും ഇന്ത്യക്കാരുടെ റണ്‍വേട്ടയില്‍ ഒന്നാമതെത്തി.
(വര്‍ഷം – താരം – റണ്‍സ് എന്നീ ക്രമത്തില്‍)
2007 – ഗൗതം ഗംഭീര്‍ – 227
2009 – യുവരാജ് സിങ് – 153
2010 – സുരേഷ് റെയ്‌ന – 219
2012 – വിരാട് കോഹ്ലി – 185
2014 – വിരാട് കോഹ്ലി – 319
2016 – വിരാട് കോഹ്ലി – 273
2021 – കെ.എല്‍. രാഹുല്‍ – 194
2022 – വിരാട് കോഹ്ലി – 296
2024 – രോഹിത് ശര്‍മ – 257
2026 – ?
Content Highlight: Indian top scorers in each edition of T20 World Cup