ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ച് ബി.സി.സി.ഐ. രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും വിരമിക്കലിന് ശേഷം ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ ഏല്‍പ്പിച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്.
ഐ.പി.എല്ലില്‍ മിന്നും പ്രകടനം കാഴ്ചവെച്ച യുവ താരം സായി സുദര്‍ശനും കരുണ്‍ നായരും സ്‌ക്വാഡില്‍ ഇടം നേടി. ഏഴ് വര്‍ഷത്തിന് ശേഷമാണ് കരുണ്‍ നായര്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇടം നേടുന്നത്. ഇന്ത്യയ്ക്ക് വേണ്ടി റെഡ് ബോളില്‍ 2016ല്‍ അരങ്ങേറ്റം കുറിച്ച താരം അവസാനമായി 2017ലാണ് ഫോര്‍മാറ്റില്‍ കളിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി 303* റണ്‍സ് നേടി ത്രിപ്പിള്‍സ് നേടിയ താരമാണ് കരുണ്‍. മാത്രമല്ല അടുത്ത കാലത്തായി ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്.
അതേസമയം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണമാണ് താരം സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ സാധിക്കാത്തത്. കെ.എല്‍. രാഹുല്‍ തന്റെ സ്ഥാനം നില നിലനിര്‍ത്തിയിട്ടുണ്ട്. മാത്രമല്ല യുവ താരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ബി.സി.സി.ഐ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. അഭിമന്യു ഈശ്വരന്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ് എന്നിവരും സ്‌ക്വാഡിലുണ്ട്.
സീനിയര്‍ താരം ജസ്പ്രീത് ബുംറയടക്കം ആറ് ബൗളര്‍മാരടങ്ങുന്നതാണ് ഇന്ത്യയുടെ ബൗളിങ് ഡിപ്പാര്‍ട്‌മെന്റ്.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്
Content Highlight: Indian Test squad against England released: Shubhman Gill named new captain