| Monday, 13th January 2025, 11:00 am

റെഡ് ബോളില്‍ ഇന്ത്യയ്ക്ക് പുതിയ വൈസ് ക്യാപ്റ്റന്‍, ലിസ്റ്റില്‍ രണ്ടുപേര്‍; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിനെതിരെ ഹോം ടെസ്റ്റില്‍ അടിയറവ് പറഞ്ഞ് ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെത്തുമ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു ആരാധകര്‍ക്ക്. എന്നാല്‍ ഇന്ത്യ ഒരു സമനില ഉള്‍പ്പെടെ 3-1ന് പരമ്പരയില്‍ തോല്‍വി വഴങ്ങുകയായിരുന്നു. ഇതോടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ സാധ്യതയും ഇല്ലാതായി.

എന്നിരുന്നാലും പരമ്പരയിലുടനീളം മിന്നും പ്രകടനമാണ് ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് വേണ്ടി കാഴ്ചവെച്ചത്. പരമ്പരയിലെ താരമാകാനും ബുംറയ്ക്ക് സാധിച്ചിരുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് 32 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ബുംറ അമ്പരപ്പിച്ചത്.

മാത്രമല്ല പെര്‍ത്തിലെ ആദ്യ മത്സരത്തില്‍ ബുംറയുടെ ക്യാപ്റ്റന്‍സി മികവില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തു. അവസാന മത്സരത്തിലും രോഹിത്തിന് പകരം ബുംറ ക്യാപ്റ്റനായെങ്കലും നടുവിന് സംഭവിച്ച പരിക്ക് കാരണം ബുംറയ്ക്ക് പുറത്തിരിക്കേണ്ടി വന്നിരുന്നു.

താരത്തിന്റെ പരിക്ക് കാരണം 2025 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അപ്പോഴും നിലനില്‍ക്കുന്ന മറ്റൊരു പ്രശ്‌നം ക്യാപ്റ്റന്‍സിയാണ്. രോഹിത്തിന്റെ കരിയര്‍ അവസാന ഘട്ടത്തിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ആരാവും റെഡ് ബോളില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ എന്നത് ഒരു ചോദ്യ ചിഹ്നമാണ്.

ബുംറയുടെ ജോലിഭാരം കുറയ്ക്കുന്നതിന് മറ്റാരെയെങ്കിലും നേതൃത്വം ഏല്‍പ്പിക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓപ്പണറായ യശസ്വി ജെയ്‌സാളും റിഷബ് പന്തുമാണ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ സാധ്യതയുള്ളതെന്നാണ് അറിയുന്നത്.

Content Highlight: Indian Test Cricket Team Update

We use cookies to give you the best possible experience. Learn more