ഇന്ത്യന്‍ ഏകദിന ടീമിലേക്കുള്ള മലയാളി താരം സാംസണിന്റെ മടങ്ങിവരവിന് വഴിയൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. താരത്തെ ഏകദിന ടീമിലേക്ക് തിരികെ വിളിക്കുന്നത് ബി.സി.സി.ഐയും ടീം മാനേജ്മെന്റും ഗൗരവമായി പരിഗണിക്കുന്നുവെന്നാണ് വിവരം. ദൈനിക് ജാഗ്രന്‍ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് അഭിഷേക് ത്രിപാഠിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയുന്നത്.
നിലവില്‍ ഏകദിന ടീമിലെ ഒന്നാം വിക്കറ്റ് കീപ്പറായി കെ.എല്‍. രാഹുല്‍ തന്നെ തുടരുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായ റിഷബ് പന്തിനെ മാറ്റി ആ സ്ഥാനത്തേക്കാവും സഞ്ജുവിനെ പരിഗണിക്കുക എന്നാണ് സൂചന. 2027 ഏകദിന ലോകകപ്പും മറ്റ് പ്രധാന ടൂര്‍ണമെന്റുകളും പരിഗണിച്ചാണ് ബി.സി.സി.ഐയുടെ ഈ നീക്കം.
റിഷബ് പന്തിന്റെ നിലവിലെ ഫോമില്ലായ്മയും സഞ്ജുവിന്റെ ഐ.പി.എല്‍ പ്രകടനങ്ങളും താരത്തിനെ വീണ്ടും പരിഗണിക്കുന്നതിലേക്ക് നയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ സൂചനകള്‍. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി നടത്തുന്ന മലയാളി ബാറ്ററുടെ പ്രകടനം സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയുന്നുണ്ടെന്ന് ടീം മാനേജ്മെന്റിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ജാഗ്രന്‍ റിപ്പോര്‍ട്ട് ചെയ്തു.
2023ലാണ് സഞ്ജു അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയിൽ ഏകദിന മത്സരത്തില്‍ കളത്തിലിറങ്ങിയത്. ആ ഡിസംബറില്‍ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മൂന്നാമത്തെ ഏകദിനത്തില്‍ താരം സെഞ്ച്വറി നേടിയിരുന്നു. 114 പന്തില്‍ 108 റണ്‍സെടുത്ത താരത്തിന് പിന്നീട് ഇന്ത്യന്‍ ഏകദിന ടീമില്‍ ഒരു അവസരവും ലഭിച്ചിട്ടില്ല.
ഇതും ഏകദിനത്തിലെ താരത്തിന്റെ കണക്കുകളും സഞ്ജുവിന് അനുകൂലമാണെന്നാണ് വിവരം. മലയാളി ബാറ്റര്‍ക്ക് അന്താരാഷ്ട്ര 50 ഓവര്‍ ക്രിക്കറ്റില്‍ 16 മത്സരങ്ങളില്‍ 510 റണ്‍സുണ്ട്. 56.66 ആവറേജും താരത്തിന് ഈ ഫോർമാറ്റിലുണ്ട്.
ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറിയ സഞ്ജു ഈ സീസണില്‍ മികച്ച നിലയിലാണ്. ആദ്യ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടെങ്കിലും നാലാം മത്സരത്തില്‍ സെഞ്ച്വറിയടിച്ച് താരം ഫോമിലേക്ക് മടങ്ങിയെത്തി. ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ പുറത്താവാതെ 115 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അടുത്ത മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ 48 റണ്‍സും സ്‌കോര്‍ ചെയ്തു.
സഞ്ജു സാംസണ്‍. Photo: IndianPremierLeague/x.com
ആറാം മത്സരത്തില്‍ സഞ്ജു വീണ്ടും ഒറ്റയക്കത്തിന് പുറത്തായെങ്കിലും മുംബൈക്കെതിരെ ചേട്ടന്‍ വീണ്ടും സെഞ്ച്വറിയടിച്ചു. പുറത്താവാതെ 101 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ടൂര്‍ണമെന്റില്‍ ഇതുവരെ എട്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ താരത്തിന് 304 റണ്‍സുണ്ട്.
അതേസമയം, റിഷബ് പന്തിന് ഇതുവരെ ഈ സീസണില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല. എട്ട് മത്സരങ്ങളില്‍ കളിച്ച ലഖ്നൗ ക്യാപ്റ്റന്‍ വെറും 189 റണ്‍സ് മാത്രമാണ് എടുത്തിട്ടുളളത്. ഒരു അര്‍ധ സെഞ്ച്വറി നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 68 റണ്‍സാണ്.
റിഷബ് പന്ത്. Photo: IndianPremierLeague/x.com
ഇന്ത്യന്‍ ഏകദിന ടീമിലെ അടുത്ത പരമ്പര അഫ്ഗാനിസ്ഥാനെതിരെയാണ്. ജൂണ്‍ 14 മുതലാണ് ഈ പരമ്പര തുടങ്ങുക. ഈ റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ സഞ്ജു ഒരിക്കല്‍ കൂടി ഇന്ത്യന്‍ ഏകദിന ജേഴ്‌സി അണിയും.
അതിനുശേഷം ഇന്ത്യയ്ക്ക് ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവയ്ക്കെതിരായ ഹോം പരമ്പരകളും ഇംഗ്ലണ്ടിലേക്കും ന്യൂസിലന്‍ഡിലേക്കുമുള്ള പര്യടനങ്ങളുമുണ്ട്. അടുത്ത വർഷം ഏകദിന ലോകകപ്പുമെത്തും.
Content Highlight: Indian team management seriously considering bringing Sanju Samson to ODI team: Report