| Thursday, 1st October 2026, 11:40 am

വിന്‍ഡീസിനെ മുട്ടുകുത്തിച്ചപ്പോള്‍ പിറന്നത് ഐതിഹാസിക ഡോമിനേഷന്‍; കുതിപ്പ് തുടര്‍ന്ന് ഇന്ത്യ

ശ്രീരാഗ് പാറക്കല്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ശുഭ്മന്‍ ഗില്ലും സംഘവും സ്വന്തമാക്കിയത്.

വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 406 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും രോഹിത് ശര്‍മയുടെ സെഞ്ച്വറിയുടെയും കരുത്തില്‍ ഇന്ത്യ 39 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ട് മത്സരവും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. മാത്രമല്ല പരമ്പര വിജയത്തോടൊപ്പം ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

ഒരു ടീമിനെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ഏകദിന ബൈലാട്രല്‍ പരമ്പര വിജയിക്കുന്ന ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്. വിന്‍ഡീസിനെതിരെ 14ാം തവണയും വിജയിച്ചാണ് ഇന്ത്യ സ്വന്തം റെക്കോഡ് തിരുത്തിയത്. രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാന്‍ സിംബാബ്‌വേയ്‌ക്കെതിരെ 12 വിജയം സ്വന്തമാക്കി. വിന്‍ഡീസ് പാകിസ്ഥാനെതിരെ 10 തുടര്‍ച്ചയായ മത്സരങ്ങള്‍ വിജയിച്ച് മൂന്നാം സ്ഥാനത്തുണ്ട്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ്, ഓപ്പണര്‍ ജോണ്‍ കാംബെല്‍, നായകന്‍ ഷായ് ഹോപ്പ്, സൂപ്പര്‍ താരം ആമിര്‍ ജാംഗു എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

കാംബെല്‍ 68 പന്തില്‍ 101 റണ്‍സ് നേടിയപ്പോള്‍ 77 പന്തില്‍ 114 റണ്‍സടിച്ച് ടോപ്പ് സ്‌കോററായാണ് ആമിര്‍ ജാംഗു കളം വിട്ടത്. 94 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സറും അടക്കം 104 റണ്‍സാണ് നായകന്‍ ഷായ് ഹോപ്പ് സ്വന്തമാക്കിയത്.

മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും രോഹിത് ശര്‍മയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ 75 പന്തില്‍ ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 101 റണ്‍സുമായി രോഹിത് ശര്‍മ പുറത്താകുകയായിരുന്നു.

പിന്നീട് ടീമിനെ മുന്നോട്ട് കൊണ്ടുപോയത് ഗില്ലായിരുന്നു. കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ച്വറിയുമായാണ് ഗില്‍ തിളങ്ങിത്. 133 പന്തില്‍ നിന്നും പുറത്താകാതെ 223 റണ്‍സുമായാണ് ഗില്‍ കരുത്തുകാട്ടി. 26 ഫോറും എട്ട് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയില്ലെങ്കിലും കെ.എല്‍. രാഹുലും ഒരു സ്‌പെഷ്യല്‍ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ഏകദിന ക്രിക്കറ്റില്‍ 100ാം മത്സരത്തിനാണ് താരം കളത്തിലിറങ്ങിയത്. ഫോര്‍മാറ്റില്‍ 100 മത്സരത്തിലെ 90 ഇന്നിങ്‌സില്‍ നിന്ന് 3412 റണ്‍സാണ് താരം നേടിയത്. 112* റണ്‍സിന്റ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെയാണ് താരത്തിന്റെ റണ്‍വേട്ട.49.5 എന്ന ആവറേജും 91.01 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. എട്ട് സെഞ്ച്വറിയും 20 അര്‍ധ സെഞ്ച്വറിയുമാണ് താരം നേടിയത്.

മത്സരത്തില്‍ ഗില്ലിന് പുറമെ വിരാട് 19 പന്തില്‍ 29 റണ്‍സ് നേടിയപ്പോള്‍, ഋതുരാജ് ഗെയ്ക്വാദ് 37 പന്തില്‍ 31 റണ്‍സ് നേടിയും പുറത്താകാതെ നിന്നു. ഒക്‌ടോബര്‍ മൂന്നിനാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Indian Team Achieve Great Record Against West Indies In ODI

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more