| Friday, 28th February 2025, 8:49 am

സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് ആശ്വസിക്കാം, സൂപ്പര്‍ താരങ്ങള്‍ കളിച്ചേക്കും; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ട്രോഫിയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ശേഷം രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും മറികടന്ന് ഇന്ത്യ സെമി ഫൈനലില്‍ എത്തിയിരിക്കുകയാണ്.

നിലവില്‍ ഗ്രൂപ്പ് എയില്‍ രണ്ട് മത്സരത്തില്‍ രണ്ട് വിജയവും നാല് പോയിന്റും നേടി ന്യൂസിലാന്‍ഡ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. + 0.863 നെറ്റ് റണ്‍ റേറ്റിന്റെ പിന്‍ബലത്തിലാണ് കിവീസ് ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ട് വിജയത്തില്‍ നിന്ന് നാല് പോയിന്റ് നേടി ഇന്ത്യയാണ് രണ്ടാമത്. + 0.847 നെറ്റ് റണ്‍റേറ്റാണ് ഇന്ത്യയ്ക്ക്.

നോക് ഔട്ട് മത്സരത്തില്‍ എന്ത് വിലകൊടുത്തും വിജയം സ്വന്തമാക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും പരിക്ക് പറ്റിയത് ഇന്ത്യയ്ക്ക് ഏറെ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇരുവരും ഫിറ്റാണെന്നും ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഇരുവരും കളിക്കത്തില്‍ ഇറങ്ങുമെന്നുമാണ് അറിയാന്‍ സാധിച്ചത്.

പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ബാബര്‍ അസമിന്റെ വിക്കറ്റ് വീണത് ആഘോഷിക്കുന്നതിനിടയില്‍ രോഹിത്തിന് പേശിവലിവ് ഉണ്ടായിരുന്നു. തുടര്‍ന്ന് താരം പുറത്ത് പോകുകയായിരുന്നു. തിരിച്ച് കളത്തില്‍ എത്തിയപ്പോഴും രോഹിത് അസ്വസ്തത പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ഇന്നലെ നടന്ന പരിശീലന സെഷനില്‍ രോഹിത് ഗ്രൗണ്ടില്‍ ഇറങ്ങിയില്ലായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം സ്ട്രെങ്ത് ആന്റ് കണ്ടീഷനിങ് പരിശീലകന്‍ സോഹം ദേശായിയുടെ മേല്‍നോട്ടത്തില്‍ രോഹിത് ജോഗിങ് നടത്തിയിരുന്നു. പക്ഷേ രോഹിത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

രോഹിത്തിന് പുറമെ ഇന്ത്യന്‍ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലും പരിശീലനത്തിന് എത്തിയില്ലായിരുന്നു. പേശിവലിവ് കാരണം ഗില്ലും ബുദ്ധിമുട്ടിയിരുന്നെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് (വെള്ളി) ഐ.സി.സി അക്കാഡമിയില്‍ താരം പരിശീലനത്തിന് ഇറങ്ങിയെന്നും പൂര്‍ണമായി ഫിറ്റാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്റ്റാര്‍ ബൗളര്‍ മുഹമ്മദ് ഷമിയും കാലിന് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

പരിശീലന സെഷനില്‍ ശ്രേയസ് അയ്യരോട് രോഹിത്തിന്റെ ഫിറ്റ്‌നസിന്റെ കുറിച്ച് ചോദിച്ചപ്പോള്‍ ‘ഞാന്‍ അവരുമായി (ഷമിയും രോഹിത്തും) ഒരു ചെറിയ സംഭാഷണം നടത്തി. കാര്യങ്ങള്‍ പുരോഗമിക്കുന്നതില്‍ ഇരുവരും സംതൃപ്തരായിരുന്നു. എന്റെ അറിവില്‍ അവര്‍ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് ഞാന്‍ കരുതുന്നു,’ ശ്രേയസ് പറഞ്ഞു.

Content Highlight: Indian Super Stars Ready To Face Semi Final Against New Zealand

We use cookies to give you the best possible experience. Learn more