| Friday, 11th July 2025, 9:03 pm

ഐ.എസ്.എല്‍ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു!

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള എഗ്രിമെന്റ് പുതുക്കുന്ന കാര്യം തീരുമാനമാകാത്തതാണ് ഐ.എസ്.എല്‍ മാറ്റിവെക്കാന്‍ കാരണം. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ മാസ്റ്റര്‍ കരാര്‍ അവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്.

റിലയന്‍സ് ഇന്‍ഡ്രസ്ട്രിയും സ്റ്റാര്‍സ്‌പോര്‍ട്‌സിന്റെ സംയുക്ത ഉടമസ്ഥതയിലുമുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡുമാണ് (എഫ്.എസ്.ഡി.എല്‍) അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനേയും ക്ലബ്ബുകളേയും രേഖാമൂലം ലീഗ് മാറ്റിവെച്ചത് അറിയിച്ചത്.

‘ഡിസംബറിനുശേഷം സ്ഥിരീകരിച്ച ഒരു കരാറിന്റെ അഭാവത്തില്‍, 2025-26 ഐ.എസ്.എല്‍ സീസണ്‍ ഫലപ്രദമായി ആസൂത്രണം ചെയ്യാനോ സംഘടിപ്പിക്കാനോ വാണിജ്യവല്‍ക്കരിക്കാനോ ഞങ്ങള്‍ക്ക് കഴിയുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്ത് 2025-26 ഐ.എസ്.എല്‍ സീസണുമായി മുന്നോട്ട് പോകാന്‍ ഞങ്ങള്‍ക്ക് നിലവില്‍ കഴിയില്ല.

നിലവില്‍ എം.ആര്‍.എ കാലാവധി കഴിഞ്ഞുള്ള കരാര്‍ ഘടനയെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുന്നതുവരെ ലീഗ് നിര്‍ത്തിവയ്ക്കുകയാണ്. ഈ കാര്യം നിങ്ങളെ അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്,’ എഫ്.എസ്.ഡി.എല്‍ പുറത്ത് വിട്ട പത്രക്കുറിപ്പില്‍ പറഞ്ഞത്.

അടുത്തിടെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ 2025-26 സീസണിനായുള്ള വാര്‍ഷിക കലണ്ടറില്‍ നിന്ന് ഐ.എസ്.എല്ലിനെ ഒഴിവാക്കിയിരുന്നു. വിവിധ പ്രായക്കാര്‍ക്കുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളടക്കം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയപ്പോഴാണ് ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായ ഐ.എസ്.എല്ലിനെ മാത്രം മത്സര കലണ്ടറില്‍ നിന്ന് ഒഴിവാക്കിയത്.

അതേസമയം ഇന്ത്യന്‍ ഫുട്‌ബോളിനെ മുന്‍നിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2014ലാണ് ഐ.എസ്.എല്‍ തുടങ്ങിയത്. സാധാരണ സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ലീഗ് ഉണ്ടാകാറുള്ളത്. 2019ല്‍ ഐ ലീഗിനെ മറികടന്ന് ഐ.എസ്.എല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായി ഫെഡറേഷന്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഐ.എസ്.എല്ലിന്റെ 11 എഡിഷനുകളാണ് ഇത് വരെ നടന്നത്.

Content Highlight: Indian Super League postponed indefinitely

We use cookies to give you the best possible experience. Learn more