| Saturday, 26th September 2026, 1:48 pm

ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; പരിക്ക് മൂലം സൂപ്പര്‍ താരം പുറത്ത്!

ശ്രീരാഗ് പാറക്കല്‍

ഇന്ത്യ എയുടെ ഓസ്‌ട്രേലിയ എയ്‌ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് ഹര്‍ദിക് പാണ്ഡ്യ പിന്മാറി. പുതിയ പരിക്കിനെ തുടര്‍ന്നാണ് ഹര്‍ദിക്കിനെ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയത്. പരിക്ക് കാരണം ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലും ഹര്‍ദിക്കിന്റെ പങ്കാളിത്തം സംശയത്തിലാണ്.

മൂന്ന് ആഴ്ചയെങ്കിലും താരം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. അദ്ദേഹത്തിന്റെ പരിക്കിന്റെ ഗുരുതരാവസ്ഥയും തിരിച്ചുവരവ് സമയവും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പുറത്തുവിട്ടിട്ടില്ല.

ഹര്‍ദിക് പാണ്ഡ്യ- Photo: Sportstak/x.com

സെപ്റ്റംബര്‍ 20നായിരുന്നു ഹര്‍ദിക്കിന്റെ തിരിച്ചുവരവ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ ആറിന് ആരംഭിക്കുന്ന ഓസ്ട്രേലിയ എയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പരിക്ക് താരത്തിന് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.

ഹര്‍ദിക്കിന്റെ ഏറ്റവും പുതിയ സ്‌കാന്‍ റിപ്പോര്‍ട്ടിലാണ് വലതുകാലിലെ പരിക്ക് കണ്ടെത്തിയത്. തുടര്‍ന്ന് രണ്ടാഴ്ച പൂര്‍ണ വിശ്രമം നിര്‍ദേശിച്ചത്. ബി.സി.സി.ഐ മെഡിക്കല്‍ പാനല്‍ തലവന്‍ ഡോ. ദിന്‍ഷാ പര്‍ദിവാല റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചിട്ടുണ്ട്. ജപ്പാനില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം ഹര്‍ദിക്കിന്റെ ആരോഗ്യനില വീണ്ടും വിലയിരുത്തുകയും പുനരധിവാസ നടപടികള്‍ എപ്പോള്‍ ആരംഭിക്കണമെന്ന് തീരുമാനിക്കുകയും ചെയ്യും.

ഹര്‍ദിക് പാണ്ഡ്യ-Photo: MI/.com

ഒക്ടോബര്‍ 22നാണ് ന്യൂസീലന്‍ഡിനെതിരായ ടി-20 പരമ്പര ആരംഭിക്കുന്നത്. ഇതിന് പിന്നാലെ ഏകദിന പരമ്പരയും നടക്കും. നിലവിലെ സാഹചര്യത്തില്‍ അതിന് മുമ്പ് ഹര്‍ദിക്കിന് തിരിച്ചെത്താനുള്ള സാധ്യതകള്‍ കുറവാണ്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടുന്നതിനുള്ള തയ്യാറെടുപ്പിനിടെ വീണ്ടും വേദന അനുഭവപ്പെട്ടതോടെ താരത്തിന് വീണ്ടും സ്‌കാനിങ് നടത്തിയപ്പോഴാണ് പുതിയ പരിക്ക് സ്ഥിരീകരിച്ചത്.

ഐ.പി.എല്ലിന് ശേഷം ഹര്‍ദിക് നിലവില്‍ ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് പരിശീലനം നടത്തുന്നത്. മാത്രമല്ല 2026ലെ ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ഒറ്റ മത്സരത്തില്‍ പോലും താരത്തിന് കളിക്കാന്‍ സാധിച്ചിട്ടില്ല.

ന്യൂസിലാന്‍ഡ് പരമ്പരയും നഷ്ടമായാല്‍ സിംബാബ്‌വേയ്ക്കെതിരായ ഏകദിന പരമ്പര വരെയാകും ഹര്‍ദിക്കിന് ഇനി കാത്തിരിക്കേണ്ടിവരും. അതിന് മുമ്പ് തിരിച്ചെത്തണമെങ്കില്‍ വിജയ് ഹസാരെ ട്രോഫിയിലോ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലോ കളിച്ച് താരത്തിന് ഫിറ്റ്നസ് തെളിയിക്കാന്‍ സാധിക്കും.

Content Highlight: Indian super all-rounder Hardik Pandya is once again in the grip of injury

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more