| Sunday, 15th June 2025, 10:05 pm

ഇറാനിലെ ഇസ്രഈല്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാനിലെ ഇസ്രഈല്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.

ജമ്മു കശ്മീരില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളുടെ ഇറാനിലെ ടെഹ്‌റാനിലെ ഹോസ്റ്റലിന് നേരെയാണ് സ്‌ഫോടനമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കുകളേ ഉള്ളൂവെന്നും എന്നാല്‍ അവരെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും വിവരമുണ്ട്.

അതേസമയം വിദ്യാര്‍ത്ഥികളെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ജമ്മു കശ്മീരില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിലെ സഹപ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തി ഇറാനിലുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് പോരുമെന്ന് മന്ത്രി തനിക്ക് ഉറപ്പ് നല്‍കിയെന്നും ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു.

ഇറാനിലെ നിലവിലെ സാഹചര്യത്തില്‍ ടെഹ്‌റാന്‍, ഷിറാസ്, കോം തുടങ്ങിയ നഗരങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Indian students injured in Israeli attack in Iran

We use cookies to give you the best possible experience. Learn more