| Saturday, 4th October 2025, 7:35 am

കോഹ്‌ലിക്കും രോഹിത്തിനുമൊപ്പം സഞ്ജുവുമെത്തുമോ? സ്‌ക്വാഡ് ഉടന്‍ പ്രഖ്യാപിച്ചേക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വൈറ്റ് ബോള്‍ പരമ്പരയ്ക്കാണ് ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും വീണ്ടും കളിക്കളത്തില്‍ കാണാനുള്ള അവസരമൊരുങ്ങിയേക്കും എന്നതിലാണ് ഇത്.

ഇരുവരും ടെസ്റ്റില്‍ നിന്നും ടി – 20യില്‍ നിന്നും വിരമിച്ചതോടെ ഏകദിനത്തില്‍ മാത്രമേ ഇന്ത്യക്കായി കളിക്കുകയുള്ളൂ. ഇതാണ് ആരാധകരെ ഈ പരമ്പരയ്ക്കായി കാത്തിരിപ്പിക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ഇന്ത്യയ്ക്കായി ഇരുവരും ഒരു മത്സരം കളിച്ചിട്ടില്ലെങ്കിലും ഏകദിനത്തില്‍ മാത്രമേ ഇറങ്ങുവെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഓസ്‌ട്രേലിയക്കെതിരെയുള്ള സ്‌ക്വാഡില്‍ ആരൊക്കെയുണ്ടാവുമെന്ന ആകാംക്ഷയില്‍ കൂടിയാണ് ക്രിക്കറ്റ് ലോകം. രോഹിത് ശര്‍മ തന്നെ ഏകദിന ക്യാപ്റ്റനായി എത്തുമോയെന്നതും ഒരു ചോദ്യചിഹ്നമാണ്. എന്നാൽ,  സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെടുമോയെന്നാണ് മലയാളി ആരാധകര്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

ഓസ്ട്രേലിയന്‍ സംഘത്തെ നേരിടാന്‍ ആരൊക്കെ ഇറങ്ങുകയെന്നറിയാന്‍ ഇനി അധികം കാത്തിരിക്കേണ്ട എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓസ്ട്രേലിയന്‍ പരമ്പരയ്ക്കുള്ള ഏകദിന – ടി – 20 ടീമുകളെ ഇന്ന് (ഒക്ടോബര്‍ 4) പ്രഖ്യാപിച്ചേക്കുമെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സെലക്ഷന്‍ കമ്മിറ്റി സ്‌ക്വാഡിനെ പ്രഖ്യാപിക്കാന്‍ ചേരുന്ന മീറ്റിങ്ങില്‍ രോഹിത്തുമായി ക്യാപ്റ്റന്‍സി ചര്‍ച്ചകള്‍ നടത്തുമെന്നും ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, രണ്ട് വര്‍ഷത്തിന് ശേഷം സഞ്ജു ഏകദിനത്തില്‍ തിരിച്ചെത്തിയേക്കുമെന്ന് കഴിഞ്ഞ ദിവസം പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താരം ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായാണ് ടീമില്‍ ഉള്‍പ്പെടുകയെന്നാണ് വിവരം. റിഷബ് പന്തിന്റെ പരിക്കാണ് സഞ്ജുവിന് ടീമിലേക്ക് തിരിച്ചെത്താന്‍ അവസരമൊരുക്കുന്നത്.

കൂടാതെ, ഹര്‍ദിക് പാണ്ഡ്യയും ശുഭ്മന്‍ ഗില്ലും ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഉണ്ടാവില്ലെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏഷ്യാ കപ്പിനിടെ പരിക്കേറ്റതാണ് ഹര്‍ദിക്കിന് വിനയായത്. പരിക്ക് കാരണം താരത്തിന് ഏഷ്യാ കപ്പ് ഫൈനലും നഷ്ടമായിരുന്നു.

അതേസമയം, ഗില്ലിന് വിശ്രമം നല്‍കാനാണ് ടീമില്‍ ഉള്‍പ്പെടുത്താതിരിക്കുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് ശേഷം താരം തുടര്‍ച്ചയായി മത്സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ പരിക്ക് പറ്റാതിരിക്കാനുള്ള മുന്‍കരുതലായാണ് ഈ തീരുമാനമെന്നാണ് വിവരം.

Content Highlight: Indian squad for Australian white ball tour is likely to announce October 4

We use cookies to give you the best possible experience. Learn more