| Tuesday, 25th November 2025, 2:59 pm

അര്‍ഹത പന്തിനോ അതോ സഞ്ജുവിനോ; ഇനിയും എന്തിനാണീ അവഗണന

ശ്രീരാഗ് പാറക്കല്‍

സൗത്ത് ആഫ്രിക്കയ്ക്കെതിരെ വരാനിരിക്കുന്ന ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പുറത്ത് വിട്ടപ്പോള്‍ ആരാധകരില്‍ പലരും തിരഞ്ഞത് ‘സഞ്ജു സാംസണ്‍’ എന്ന ഒരേയൊരു പേരായിരുന്നു. എന്നാല്‍ സെലഷന്‍ കമ്മിറ്റി സഞ്ജുവിനെ മനപൂര്‍വം മറന്നുകളഞ്ഞു. ആ പേര് പലപ്പോഴായി ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടത് ഒരു പുതിയ കഥയല്ല. എന്നാല്‍ അര്‍ഹതയുണ്ടായിട്ടും സഞ്ജുവിന് ഏകദിന ഫോര്‍മാറ്റ് നിഷേധിക്കുന്നതിനെ ഏത് തന്ത്രത്തിന്റെ ഭാഗമായാണ് കാണേണ്ടത്!

Sanju Samson

അപ്പോഴും റിഷബ് പന്ത് എന്ന പേരില്‍ മാത്രം മഞ്ഞളിക്കുന്ന സെലഷന്‍ കമ്മിറ്റി കാണാതെ പോകുന്ന ചില സ്ഥിരവിവരക്കണക്കുകളുണ്ട്. പ്രോട്ടിയാസിനെതിരെ ടീമിലേക്ക് തിരിച്ചെത്തിയ പന്തിന്റേയും സഞ്ജുവിന്റേയും സ്റ്റാറ്റിയില്‍ നിന്ന് അത് വ്യക്തമാണ്. 31 മത്സരങ്ങളിലെ 27 ഇന്നിങ്സില്‍ നിന്ന് 871 റണ്‍സാണ് പന്ത് നേടിയത്. 125* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. എന്നാല്‍ ആവറേജിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ 33.5 ഉം 106.2 എന്ന സ്ട്രൈക്ക് റേറ്റുമാണ്. അഞ്ച് അര്‍ധ സെഞ്ച്വറിയും താരം നേടി.

Sanju Samson And Rishabh Pant ODI Statics

എന്നാല്‍ ഫോര്‍മാറ്റില്‍ സഞ്ജു വെറും 16 മത്സരങ്ങളില്‍ നിന്ന് 14 ഇന്നിങ്സുകളാണ് കളിച്ചത്. 510 റണ്‍സാണ് താരത്തിന് ഫോര്‍മാറ്റില്‍ നിന്ന് നേടിയത്. മാത്രമല്ല 108 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 56.7 എന്ന മികച്ച ആവറേജും 99.6 എന്ന സ്ട്രൈക്ക് റേറ്റുമാണ് സഞ്ജുവിനുള്ളത്. മൂന്ന് അര്‍ധ സെഞ്ച്വറികളും സഞ്ജുവിനുണ്ട്.

ഫോര്‍മാറ്റില്‍ സഞ്ജു നേടിയ സെഞ്ച്വറി സൗത്ത് ആഫ്രിക്കയ്ക്കെതിരെ ആയിരുന്നു എന്നും എടുത്ത് പറയേണ്ടതുണ്ട്. അന്ന് ഇന്ത്യയെ വിജയിപ്പിച്ച ആ സെഞ്ച്വറി ഒരു ക്രിക്കറ്റ് പ്രേമിയും മറന്നുകാണില്ല. 108 റണ്‍സായിരുന്നു അന്ന് സഞ്ജു അടിച്ചെടുത്തത്. 2023ല്‍ നടന്ന ആ മത്സരത്തിന് ശേഷം സഞ്ജുവിന് ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ കളിക്കാന്‍ സാധിച്ചില്ല എന്ന് പറയുമ്പോള്‍ അത് അത്ര ലളിതമായി കാണാന്‍ സാധിക്കില്ല.

Sanju Samson First Century In ODI – Against South Africa

പന്തിലേക്ക് വരുമ്പോള്‍ താരം അവസാനമായി ശ്രീലങ്കയ്ക്കെതിരെ 2024ലാണ് അവസാനമായി കളിച്ചത്. അന്ന് നാലാമനായി ഇറങ്ങി ഒമ്പത് പന്തില്‍ നിന്ന് ആറ് റണ്‍സാണ് പന്തിന് നേടാന്‍ സാധിച്ചത്. കളിച്ച അവസാന മത്സരം കണക്കിലെടുത്താന്‍ സഞ്ജുവിനേക്കാളും താഴെയാണ് പന്തിന്റെ പ്രകടനം. മാത്രമല്ല വൈറ്റ് ബോളില്‍ പന്തിന് സ്ഥിരത നേടാന്‍ സാധിക്കാത്തതും എടുത്തുപറയേണ്ടതാണ്.

Rishabh Pant

അതേസമയം സഞ്ജു വൈറ്റ് ബോളില്‍ തിളങ്ങിയതും കാണാതിരിക്കാന്‍ കഴിയില്ല. ടി-20യില്‍ ബാക് ടു ബാക് സെഞ്ച്വറികളും ഏഷ്യാകപ്പിലെ സമ്മര്‍ദങ്ങളെ അതിജീവിച്ച പ്രകടനങ്ങളും കണക്കിലെടുക്കുമ്പോള്‍ സെലക്ടര്‍മാരുടെ റഡാറില്‍ സഞ്ജു ഇല്ലാത്തത് അംഗീകരിക്കാന്‍ കഴിയുന്നില്ല! നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിലും സഞ്ജുവിന് അവഗണന നേരിടേണ്ടി വന്നിരുന്നു.

നിലവില്‍ വൈറ്റ് ബോളില്‍ തന്റെ സ്ഥാനം നേടിയെടുക്കാന്‍ ആഭ്യന്തര മത്സരങ്ങളിലും സഞ്ജു സജീവമാണ്. സെയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ നായകനായാണ് സഞ്ജു കളത്തിലെത്തുന്നത്. അപ്പോഴും പന്തിന്റെ ആഭ്യന്തര കരിയര്‍ ‘ഇവിടെ’ അളക്കപ്പെടുന്നില്ല.

പ്രോട്ടിയാസിനെതിരായ സ്‌ക്വാഡ് പുറത്ത് വിട്ടപ്പോള്‍ സഞ്ജുവിന് അര്‍ഹതപ്പെട്ട സ്ഥാനം നിഷേധിച്ചു എന്ന് ചൂണ്ടിക്കാണിച്ച് മുന്‍ താരമായ അനില്‍ കുംബ്ലെ അടക്കമുള്ളവര്‍ ശബ്ദമുയര്‍ത്തിയിരുന്നു.

‘സഞ്ജു ടീമിലുണ്ടാകുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിച്ചിരുന്നു. സഞ്ജു ഏകദിനത്തില്‍ കളിച്ചിട്ട് രണ്ട് വര്‍ഷത്തോളമായിട്ടുണ്ടാകും. ഓസീസിനെതിരായ ടീമിലും സഞ്ജുവുണ്ടായിരുന്നില്ല. സഞ്ജുവിന്റെ റെക്കോഡ് പരിശോധിച്ചാല്‍ സെഞ്ച്വറി നേട്ടമുണ്ട്,’ കുംബ്ലെ പറഞ്ഞു.

Content Highlight: Indian selectors ignore Sanju Samson despite being eligible to play in ODI cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more