| Sunday, 14th June 2026, 6:38 pm

ഒമാന്‍ തീരത്ത് മരിച്ച ഇന്ത്യന്‍ നാവികന്റെ ശരീരം അഴുകാതെ സൂക്ഷിക്കുന്നത് വെള്ളക്കുപ്പികള്‍ നിരത്തി; രോഗം വന്നിട്ടും കപ്പല്‍ കമ്പനി അവഗണിച്ചെന്ന് നാവികരുടെ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒമാനിലെ ദുഖ്മ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലില്‍ മരണപ്പെട്ട ഇന്ത്യന്‍ നാവികന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വൈകുന്നതായി ഇന്ത്യന്‍ നാവികരുടെ സംഘടനയായ ഫോര്‍വേഡ് സീമാന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എഫ്.എസ്.യു.ഐ). ഭൗതിക ശരീരം ഫ്രീസര്‍ സൗകര്യമില്ലാത്ത കപ്പലില്‍ സൂക്ഷിച്ചതിനാല്‍ അഴുകിപ്പോവാന്‍ തുടങ്ങിയതായും എഫ്.എസ്.യു.ഐ സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ച പോസ്റ്റുകളില്‍ പറയുന്നു.

എംടി സെലസ്റ്റിയല്‍ എന്ന കപ്പലിലെ സെകന്‍ഡ് ഓഫീസറായിരുന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി നിശാന്ത് ഉയിര്‍തനാഥന്‍ (35) ഈ വ്യാഴാഴ്ചയോടെയാണ് മരണപ്പെട്ടതെന്നാണ് എഫ്.എസ്.യു.ഐയുടെ സമൂഹ മാധ്യമ പോസ്റ്റുകളില്‍ നിന്ന് അറിയാന്‍ സാധിക്കുന്നത്. മരിച്ച നാവികന് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി ഒമാനിലെ ഇന്ത്യന്‍ എംബസി എക്‌സ് പോസ്റ്റില്‍ അറിയിച്ചിരുന്നു.

സമയത്ത് ചികിത്സ കിട്ടാത്തതാണ് ഇന്ത്യന്‍ നാവികന്റെ മരണത്തിലേക്ക് നയിച്ചതെന്ന് എഫ്.എസ്.യു.ഐ ആരോപിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി കപ്പല്‍ കമ്പനിയെ വിവരം അറിയിച്ചെങ്കിലും അവര്‍ അവഗണിച്ചതായും കപ്പലിലെ ജീവനക്കാരെ അധികരിച്ച് എഫ്.എസ്.യു.ഐ പറഞ്ഞു.

ജൂണ്‍ എട്ടിനാണ് നിശാന്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. മനംപുരട്ടലടക്കമുള്ള ലക്ഷണങ്ങളുണ്ടായിരുന്നു. ഈ വിവരങ്ങള്‍ കപ്പലിന്റെ ഉടമകളെ അറിയിച്ചെങ്കിലും അവര്‍ അവഗണിച്ചെന്നാണ് കപ്പല്‍ ജീവനക്കാര്‍ അറിയിച്ചത്.

തണുത്തവെള്ളം നിറച്ച കുപ്പികള്‍ അടുക്കിവച്ചാണ് കപ്പല്‍ ജീവനക്കാര്‍ ഭൗതിക ശരീരം ജീര്‍ണിച്ചുപോകാതെ സൂക്ഷിക്കുന്നതെന്നും എഫ്.എസ്.യു.ഐ പറയുന്നു.

കപ്പലില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും എഫ്.എസ്.യു.ഐ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇതില്‍ മരിച്ച നാവികന്റെ ശരീരത്തിന് മുകളില്‍ വെള്ളക്കുപ്പികള്‍ നിരത്തിവെച്ചതായി കാണാം. തങ്ങള്‍ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടെങ്കിലും അനുകൂല നീക്കങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് വീഡിയോയില്‍ കപ്പലിലെ സംഘാംഗങ്ങള്‍ പറയുന്നു.

നിഷാന്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വിഷയത്തില്‍ കപ്പല്‍ കമ്പനിയെ ബന്ധപ്പെടുന്നുണ്ട്. അവശ്യ നടപടികള്‍ സ്വീകരിക്കുമെന്നും എംബസി വ്യക്തമാക്കി.

നേരത്തെ, ഇന്ത്യയുടെ വിരാട്-1 എന്ന ചരക്കുകപ്പല്‍ ഒമാന്‍ തീരത്ത് അപകടത്തില്‍പ്പെട്ടതായി എംബസി അറിയിച്ചിരുന്നു. 14 ഇന്ത്യന്‍ ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 11 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും എംബസി അറിയിച്ചു.

നാവികന്റെ ഭൗതിക ശരീരം രാജ്യത്തെത്തിക്കാന്‍ വൈകുന്നതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഭൗതിക ശരീരം ഉടന്‍ നാട്ടിലെത്തിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

കോംപര്‍മൈസ്ഡ് പ്രധാനമന്ത്രി ജനങ്ങളുടെ നിലനില്‍പ് ദുരിത്തിലാക്കിയെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.

‘കോംപര്‍മൈസ്ഡ് പ്രധാനമന്ത്രിയുടെ രാജ്യത്ത് കഴിയുന്നത് ഭാരതീയരെ ദുരിതം നിറഞ്ഞ അവസ്ഥയിലാക്കുന്നു. വിദേശ ശക്തികള്‍ നമ്മുടെ പൗരരെ കൊലപ്പെടുത്തുന്നു. നമ്മുടെ സര്‍ക്കാര്‍ ആജ്ഞകള്‍ പാലിക്കുന്ന ഒരു ജോലിക്കാരനെ പോലെ ഉത്തരവുകള്‍ അനുസരിക്കുന്നു. നമ്മുടെ പൗരരെ നശിക്കാന്‍ വിടുന്നു. ഈ ഇന്ത്യക്കാരനെ ഇപ്പോള്‍ തന്നെ തിരികെ നാട്ടിലെത്തിക്കണം,’ രാഹുല്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

Content Highlight: Indian sailor dies on ship docked in Oman : FSUI Shared Video

Latest Stories

We use cookies to give you the best possible experience. Learn more