ബംഗ്ലദേശും പാകിസ്ഥാനും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ധാക്കയിലെ ഷെര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ തത്സമയ സംപ്രേക്ഷണത്തിനിടെയുണ്ടായ ഒരു തെറ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
മത്സരത്തില്‍ പാകിസ്ഥാന്റെ പ്ലെയിങ് ഇലവന് പകരം ഇന്ത്യയുടെ സ്‌കോര്‍ കാര്‍ഡാണ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചത്. മത്സരത്തില്‍ ടോസ് നേടി പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുത്തതിന് ശേഷമാണ് സംഭവം നടന്നത്. പാകിസ്ഥാന്റെ പ്ലെയിങ് ഇലവന്റെ സ്ഥാനത്ത് ഇന്ത്യന്‍ താരങ്ങളുടെ പേരാണ് പ്രദര്‍ശിപ്പിച്ചത്.
ക്യാപ്റ്റനായി രോഹിത് ശര്‍മയുടെ പേരാണ് സ്‌ക്രീനില്‍ തെളിഞ്ഞത്. ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, ശിവം ദുബെ, ജിതേഷ് ശര്‍മ, റിങ്കു സിങ്, അക്സര്‍ പട്ടേല്‍, വാഷിങ്ങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, അര്‍ഷദീപ് സിങ്, മുകേഷ് കുമാര്‍ എന്നീ താരങ്ങളുടെ പേരും പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. സംഭവം ഉടന്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്കാണ് വഴിയൊരുക്കിയത്. ഒരു ഇന്റര്‍നാഷണല്‍ മത്സരത്തില്‍ വന്ന ഈ വലിയ പിഴവിനെതിരെ ധാരാളം ചോദ്യങ്ങള്‍ ഉയരുകയും ചെയ്തിട്ടുണ്ട്.
അതേസമയം മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശ് 413 റണ്‍സിനാണ് പുറത്തായത്. ബംഗ്ലാദേശിനായി ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ സെഞ്ച്വറി നേടി തിളങ്ങി. 130 പന്തില്‍ 101 റണ്‍സാണ് ഷാന്റോ സ്വന്തമാക്കിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് ബംഗ്ലാ ക്യാപ്റ്റന്റെ പ്രകടനം. മോമിനുള്‍ ഹഖ് 91 റണ്‍സും അടിച്ചെടുത്തു. 10 ഫോറുകള്‍ നേടിയ താരം ഒമ്പത് റണ്‍സകലെ പുറത്താവുകയായിരുന്നു.
മുഷ്ഫിഖുര്‍ റഹീം അര്‍ധ സെഞ്ച്വറി നേടിയും തിളങ്ങി. 71 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. എട്ട് ഫോറുകള്‍ അടങ്ങുന്നതായിരുന്നു ബംഗ്ലാ താരത്തിന്റെ പ്രകടനം.
പാക് ബൗളിങ് നിരയില്‍ മുഹമ്മദ് അബ്ബാസ് അഞ്ച് വിക്കറ്റുകളും ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റുകളും നേടി മിന്നും പ്രകടനമാണ് നടത്തിയത്. ഹസന്‍ അലി, നൊമാന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ പാകിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് എന്ന നിലയിലാണ്. അസന്‍ അവൈസ് 85 റണ്‍സും അബ്ദുല്ല ഫസല്‍ 37 റണ്‍സും നേടി ക്രീസില്‍ തുടരുകയാണ്. 45 റണ്‍സ് നേടിയ ഇമാം ഉല്‍ ഹഖിനെയാണ് പാകിസ്ഥാന് നഷ്ടമായത്.
Content Highlight: Indian players’ names found in Pakistan’s playing XI for Test match against Bangladesh