ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡില്‍ വീണ്ടും ഹാട്രിക്ക് അടിച്ച് ഇന്ത്യ. ഇന്ന് (ഒക്ടോബര്‍ 16) വൈകുന്നേരം സെപ്റ്റംബര്‍ മാസത്തെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു. യുവതാരവും ഓപ്പണറുമായ അഭിഷേക് ശര്‍മയാണ് പുരുഷ വിഭാഗത്തില്‍ ഈ അവാര്‍ഡിനര്‍ഹനായത്. ഇതോടെയാണ് ഇന്ത്യ ഈ നേട്ടത്തില്‍ ഹാട്രിക്ക് അടിച്ചത്.
സെപ്റ്റംബറിന് പുറമെ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ് ഈ അവാര്‍ഡ് സ്വന്തമാക്കിയത്. ജൂലൈയില്‍ ടെസ്റ്റ് നായകനായ ശുഭ്മന്‍ ഗില്ലിനായിരുന്നു ഈ അവാര്‍ഡ്.
അടുത്ത മാസം മുഹമ്മദ് സിറാജും ആ മാസത്തെ ഐ.സി.സി താരമായി. ഇതോടെ തുടര്‍ച്ചയായി ഈ അവാര്‍ഡ് നേട്ടത്തില്‍ വീണ്ടും ഹാട്രിക്ക് അടിച്ചിരിക്കുകയാണ് ഇന്ത്യ.
2021ലാണ് ഐ.സി.സി പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് ആരംഭിക്കുന്നത്. അതിന് ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ തുടര്‍ച്ചയായി മൂന്ന് മാസങ്ങളില്‍ ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത്.
മുമ്പ് 2021ല്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മാസങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ പ്ലെയര്‍ ഓഫ് ദി മന്തായിരുന്നു. റിഷബ് പന്ത്, രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരായിരുന്നു ഈ മാസങ്ങളിലെ അവാര്‍ഡ് ജേതാക്കള്‍.
ഇന്ത്യയല്ലാതെ, പുരുഷ വിഭാഗത്തില്‍ ഒരു ടീമും ഇത്തരമൊരു ഹാട്രിക്ക് സ്വന്തമാക്കിയിട്ടില്ല. എന്നാല്‍, വനിതകളില്‍ ഓസ്‌ട്രേലിയ തുടര്‍ച്ചയായി മൂന്ന് മാസം ഈ അവാര്‍ഡില്‍ മുത്തമിട്ടിരുന്നു. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ബെത്ത് മൂണി, അലന കിങ്, ജോര്‍ജിയ വോള്‍ എന്നിവര്‍ സ്വന്തമാക്കിയപ്പോഴായിരുന്നു ഇത്.
Content Highlight: Indian players bagged ICC player of month in consecutive three months again