| Friday, 27th November 2026, 5:21 pm

സ്റ്റാന്‍ സ്റ്റാന്‍ ആര്? വ്യാജപേരില്‍ ന്യൂസിലാന്‍ഡ് ക്ലബ് മത്സരത്തില്‍ കളിച്ച് ഇന്ത്യന്‍ താരം

ദേവിക ജയചന്ദ്രന്‍

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ക്ലബ് ക്രിക്കറ്റ് മത്സരത്തില്‍ സ്റ്റാന്‍ സ്റ്റാന്‍ എന്ന വ്യാജപേരില്‍ അപ്രതീക്ഷിതമായി കളത്തിലിറങ്ങി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്.

29കാരനായ പന്ത് ഓപ്പണ്‍ ഹൗസ് സ്വിങ്ങേഴ്‌സിനായി ദി ചോസണ്‍ വണ്‍സിനെതിരെയാണ് കളിച്ചത്. മത്സരത്തില്‍ 21 പന്തില്‍ 54 റണ്‍സ് അടിച്ചുകൂട്ടിയ പന്തിന്റെ പ്രകടനത്തിന്റെ മികവില്‍ ഓപ്പണ്‍ ഹൗസ് സ്വിങ്ങേഴ്‌സ് 16 റണ്‍സിന്റെ വിജയം നേടി.

ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പന്ത് അപ്രതീക്ഷിതമായി കളത്തിലിറങ്ങിയത്.

നഗരത്തില്‍ ഇലക്ട്രിക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പന്തിനെ കണ്ടുമുട്ടിയെന്നും ടീമില്‍ ഒരാളുടെ കുറവുണ്ടെന്ന് അറിയിച്ച കളിക്കാന്‍ ക്ഷണിക്കുകയായിരുന്നുവെന്നും ഓപ്പണ്‍ ഹൗസ് താരം മുഹമ്മദ് റാഫി പറഞ്ഞതായി ന്യൂസിലാന്‍ഡ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ഇരുടീമിലെയും പലരും പന്തിനെ ആദ്യം തിരിച്ചറിഞ്ഞില്ലെന്നും സാഫി വെളിപ്പെടുത്തിയ പര്‍പ്പിള്‍ നിറത്തിലുള്ള ട്രാക് സ്യൂട്ടിലെത്തിയ പന്തിന് മത്സരത്തില്‍ കളിക്കാനുള്ള ക്രിക്കറ്റിങ് ഗിയര്‍ മറ്റൊരാളില്‍ നിന്നും കടം വാങ്ങേണ്ടി വന്നു.

പന്തിന്റെ സാന്നിധ്യത്തെ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം അസാധാരണം എന്നാണ് വിശേഷിപ്പിച്ചത്. അത് പന്തിന്റെ യഥാര്‍ഥ സ്വഭാവം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ കസേരയില്‍ നിന്നും ഏതാണ്ട് താഴെ വീണുപോയെന്നാണ് ഇന്ത്യന്‍ ബൗളിങ് കോച്ചും മുന്‍ സൗത്ത് ആഫ്രിക്കന്‍ താരവുമായ മോര്‍ണി മോര്‍ക്കല്‍ പ്രതികരിച്ചു.

അതേസമയം ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ക്രൈസ്റ്റ്ചര്‍ച്ചില്‍ പുരോഗമിക്കുകയാണ്. ടോസ് നേടിയ ഇന്ത്യ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനയച്ചു.

ആദ്യ ദിനം പൂര്‍ത്തിയായപ്പോള്‍ ന്യൂസിലാന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടിയിട്ടുണ്ട്. ക്യാപ്റ്റന്‍ ടോം ലാഥം 59 റണ്‍സും ഡെവണ്‍ കോണ്‍വെ 31 റണ്‍സും നേടി. 53 റണ്‍സ് എടുത്ത ടോം ബ്ലണ്ടലും 36 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സുമാണ് ക്രീസില്‍.

വെല്ലിങ്ടണില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 720 റണ്‍സ് നേടിയിരുന്നു. പന്ത് 128 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്.

ലോകത്തിലെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളിലൊരാളായാണ് പന്ത് വിലയിരുത്തപ്പെടുന്നത്. 53 ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് 45ന് തൊട്ടുതാഴെ ബാറ്റിങ് ശരാശരിയില്‍ 3,853 റണ്‍സാണ് താരം നേടിയിട്ടുള്ളത്.

ഇന്ത്യയ്ക്കായി ടെസ്റ്റില്‍ 2,000 റണ്‍സിലധികം നേടിയ താരങ്ങളില്‍ പന്തിന്റെ 74.43 എന്ന സ്‌െ്രെടക്ക് റേറ്റിനേക്കാള്‍ മികച്ച റെക്കോര്‍ഡുള്ളത് വീരേന്ദര്‍ സെവാഗിനും കപില്‍ ദേവിനും മാത്രമാണ്.

Content Highlight: Indian player Rishabh Pant features in New Zealand club match under a false name.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more