| Monday, 4th August 2025, 9:34 pm

പാര്‍ലമെന്റില്‍ ജീവനുള്ള പശുക്കളെ കയറ്റണം; ഇല്ലെങ്കില്‍ ഞാന്‍ പശുക്കളുമായി വരും: അവിമുക്തശ്വരാനന്ദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജീവനുള്ള പശുക്കളെ പാര്‍ലമെന്റിലേക്ക് കൊണ്ടുപോകണമെന്ന് ശങ്കരാചാര്യ അവിമുക്തശ്വരാനന്ദ്. സെന്‍ട്രല്‍ വിസ്തയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമയത്ത് ഒരു പശുവിനെയെങ്കിലും കെട്ടിടത്തിനുള്ളിലേക്ക് കൊണ്ടുപോകണമായിരുന്നുവെന്നും അവിമുക്തശ്വരാനന്ദ് പറഞ്ഞു. ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അവിമുക്തശ്വരാനന്ദിന്റെ പ്രതികരണം.

പാര്‍ലമെന്റിന്റെ ഉദ്ഘാടന വേളയില്‍ പശുവിനെ കൊണ്ടുപോയിരുന്നെങ്കില്‍ ആ കെട്ടിടത്തിനും അവിടെ പ്രവര്‍ത്തിക്കുനന്നവര്‍ക്കും അനുഗ്രഹം ലഭിച്ചേനെയെന്നും അവിമുക്തശ്വരാനന്ദ് പറഞ്ഞു. പശുവിന്റെ ഒരു പ്രതിമയ്ക്ക് പാര്‍ലമെന്റിനുള്ളില്‍ പ്രവേശിക്കാമെങ്കില്‍ ജീവനുള്ള പശുവിന് എന്തുകൊണ്ട് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്നും അവിമുക്തശ്വരാനന്ദ് ചോദിച്ചു.

ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈവശം വെച്ചിരുന്ന ചെങ്കോലില്‍ പശുവിന്റെ രൂപമുണ്ടെന്നും അവിമുക്തശ്വരാനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ചെങ്കോല്‍ ലോക്‌സഭാ ചേമ്പറില്‍ വെച്ചിട്ടുണ്ടെന്നും അവിമുക്തശ്വരാനന്ദ് പ്രതികരിച്ചു.

പാര്‍ലമെന്റിലേക്ക് ജീവനുള്ള പശുവിനെ പ്രവേശിപ്പിക്കുന്നത് സര്‍ക്കാര്‍ ഇനിയും വൈകിപ്പിക്കുകയാണെങ്കില്‍ രാജ്യത്തുടനീളമുള്ള പശുക്കളെയും കൊണ്ട് താന്‍ പാര്‍ലമെന്റിലേക്ക് പോകുമെന്നും അവിമുക്തശ്വരാനന്ദ് പറഞ്ഞു.

കൂടാതെ പശുക്കളെ ബഹുമാനിക്കുന്നതിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു നടപടിക്രമം കൊണ്ടുവരണമെന്നും അവിമുക്തശ്വരാനന്ദ് പറഞ്ഞു. പശുക്കളെ എങ്ങനെ ബഹുമാനിക്കണം എന്നതില്‍ ഇതുവരെ ഔദ്യോഗികമായ ഒരു മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടില്ല. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം ഒരു പ്രോട്ടോക്കോള്‍ ഉണ്ടാക്കണമെന്നും അവിമുക്തശ്വരാനന്ദ് ആവശ്യപ്പെട്ടു.

പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്ന ബി.ജെ.പി എം.പി ദര്‍ശന്‍ സിങ് ചൗധരിയെ അവിമുക്തശ്വരാനന്ദ് പ്രശംസിക്കുകയും ചെയ്തു. പശുക്കളെ സംരക്ഷിക്കുന്ന നേതാക്കള്‍ക്ക് മാത്രമേ ആളുകള്‍ വോട്ട് ചെയ്യുകയുള്ളൂവെന്നും അവിമുക്തശ്വരാനന്ദ് അവകാശപ്പെട്ടു.

പശുവിന്റെ സംരക്ഷണം സംബന്ധിച്ച വിഷയത്തില്‍ നിലവിലെ സര്‍ക്കാര്‍ തങ്ങളെ തൃപ്തിപ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ ഗോവധം പൂര്‍ണമായും നിര്‍ത്തണമെന്നും അവിമുക്തശ്വരാനന്ദ് പറഞ്ഞു. കൂടാതെ രാജ്യത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 100 പശുക്കളെ ഉള്‍ക്കൊളളുന്ന ഒരു പശു സംരക്ഷണ കേന്ദ്രം ഉണ്ടാകണമെന്നും അവിമുക്തശ്വരാനന്ദ് പറയുകയുണ്ടായി.

ഇത് ‘രാമധം’ എന്ന പേരില്‍ അറിയപ്പെടുകയും വേണം. പശുക്കളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപ നല്‍കണമെന്നും അവിമുക്തശ്വരാനന്ദ് പറഞ്ഞു. രാജ്യത്തുടനീളമായി 4123 രാമധാമങ്ങള്‍ വേണമെന്നാണ് അവിമുക്തശ്വരാനന്ദ് പറയുന്നത്.

Content Highlight: Live cows should be brought into Parliament; if not, I will come with cows: Avimuktashwaranand

We use cookies to give you the best possible experience. Learn more