വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.
ഇന്ത്യ ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
മത്സരത്തില്‍ മിന്നും പ്രകടനമാണ് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ് കാഴ്ചവെച്ചത്. നാല് ഓവറുകള്‍ എറിഞ്ഞ് മൂന്ന് വിക്കറ്റുകളാണ് അര്‍ഷ്ദീപ് നേടിയത്. ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും ഇടം കയ്യന്‍ പേസര്‍ക്ക് സാധിച്ചിരുന്നു.
അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ ഡിഫന്റിങ്ങില്‍ (രണ്ടാം ഇന്നിങ്‌സില്‍) ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് അര്‍ഷ്ദീപിന് സാധിച്ചത്. ന്യൂസിലാന്‍ഡ് സൂപ്പര്‍ പേസര്‍ ടിം സൗത്തിയെ വെട്ടിയാണ് അര്‍ഷ്ദീപ് സിങ് നേട്ടത്തില്‍ ഒന്നാമനായത്. 84 വിക്കറ്റുകളാണ് അര്‍ഷ്ദീപിന് ഡിഫന്റിങ്ങിലുള്ളത്. സൗത്തിക്ക് 82 വിക്കറ്റുകളാണുള്ളത്. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത് സൂപ്പര്‍ താരം ജസ്പ്രീത് ബുംറയാണ്. എന്നാല്‍ താരത്തിന് 72 വിക്കറ്റുകളാണ് ഡിഫന്റിങ്ങില്‍ നേടാനായത്.
മാത്രമല്ല ബൗളിങ്ങിന് പുറമെ ബാറ്റിങ്ങില്‍ തിളങ്ങാനും അര്‍ഷ്ദീപിന് സാധിച്ചിരുന്നു. എട്ട് പന്തില്‍ നിന്ന് ഒരു സിക്‌സര്‍ ഉള്‍പ്പെടെ 11 റണ്‍സ് നേടിയ അര്‍ഷ്ദീപിന് മത്സരത്തിലെ താരമാകാനും കഴിഞ്ഞു.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി നമന്‍ ധിര്‍ നിര്‍ണായകമായ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡിയും അക്സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത് അഭിഷേക് ശര്‍മയാണ്. 30 പന്തില്‍ അഞ്ച് സിക്സറും ആറ് ഫോറും അടക്കം 69 റണ്‍സാണ് താരം നേടിയത്. 230.00 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
അതേസമയം അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യ 2-1ന് മുമ്പിലാണ്. നാളെയാണ് (ഒക്ടോബര്‍ 14ന്) പരമ്പരയിലെ നാലാം മത്സരം. ഹൈദരാബാദാണ് വേദി.
Content Highlight: Indian Pacer Arshdeep Singh Surpass Kiwi Bowler Tim Southee in Great Record