| Thursday, 15th January 2026, 6:10 pm

ന്യൂജഴ്സിയില്‍ ഇരട്ടക്കൊലപാതകം; കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂജഴ്സി: യു.എസിലെ ന്യൂജഴ്സിയില്‍ അഞ്ചും ഏഴും വയസ്സുള്ള സ്വന്തം മക്കളെ കൊലപ്പെടുത്തിയ ഇന്ത്യന്‍ വംശജയായ യുവതി അറസ്റ്റില്‍. ഹില്‍സ്ബറോ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന പ്രിയദര്‍ശിനി നടരാജന്‍ (35) ആണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് സംഭവം പുറത്തറിയുന്നത്.

ചൊവ്വാഴ്ച വൈകുന്നേരം 6.45 ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രിയദര്‍ശിനിയുടെ പങ്കാളിയാണ് കുട്ടികളെ കിടപ്പുമുറിയില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ അദ്ദേഹംഎമജന്‍സി നമ്പറായ 911 ലേക്ക് വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയും ഭാര്യ കുട്ടികള്‍ക്ക് എന്തോ അപായം വരുത്തിയെന്ന് പൊലിസിനെ അറിയിക്കുകയുമായിരുന്നു.

സംഭവ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘവും കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതിനായില്ല. വീടിനുള്ളില്‍ വെച്ച് തന്നെ കുട്ടികളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടികളുടെ കൊലപാതകത്തില്‍ പ്രിയദര്‍ശിനിക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി സമര്‍സെറ്റ് കൗണ്ടി പ്രോസിക്യൂട്ടര്‍ ജോണ്‍ മക്‌ഡൊണാള്‍ഡ് അറിയിച്ചു.

മനപൂര്‍വ്വമായ നരഹത്യ കുറ്റം, മാരകായുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. നിലവില്‍ സോമര്‍സെറ്റ് കൗണ്ടി ജയിലില്‍ കഴിയുന്ന ഇവരെ കോടതിയില്‍ ഹാജരാക്കും.

കുട്ടികളുടെ മരണകാരണം വ്യക്തമാക്കുന്നതിനായി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കുട്ടികളുടെ പേരുവിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Content Highlight: Indian-origin New Jersey woman arrested, charged with murdering her two sons

We use cookies to give you the best possible experience. Learn more