ഇന്ത്യന്‍ ഫുട്ബോള്‍ ടീം ചരിത്രപരമായ പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുകയാണ്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെതിരെയും രണ്ട് തവണ ലോകം കീഴടക്കിയ ഉറുഗ്വേക്കെതിരെയുമാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്.
ഈ വമ്പന്മാര്‍ക്കൊപ്പം പനാമക്കെതിരെയും ഇന്ത്യക്ക് മത്സരമുണ്ട്. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ബ്രസീല്‍-ഇന്ത്യ ചരിത്ര പോരാട്ടം അരങ്ങേറുക. ഒക്ടോബര്‍ ആറിനാണ് ഇന്ത്യ രണ്ട് തവണ ലോക ചാമ്പ്യന്മാരായ ഉറുഗ്വേക്കെതിരെ പന്തുതട്ടാനിറങ്ങുന്നത്.
ഇന്ത്യക്കെതിരെയുള്ള സൗഹൃദ മത്സരത്തിനുള്ള ഉറുഗ്വേ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിഹാസ താരം ഡീഗോ ഫോര്‍ലാന്റെ കീഴിലാണ് മുന്‍ ലോക ചാമ്പ്യന്മാര്‍ ഇന്ത്യയിലെത്തുന്നത്.
മാഴ്സലോ ബീല്‍സയുടെ കീഴില്‍ 2026 ലോകകപ്പില്‍ നിരാശപ്പെടുത്തിയ പ്രകടനമാണ് മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വേ നടത്തിയത്. ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാവാതെ ഉറുഗ്വേ പുറത്തായിരുന്നു. ഇതോടെയാണ് ബീല്‍സയുടെ പകരക്കാരനായി ഫോര്‍ലാന്‍ ടീമിന്റെ പരിശീലക്കുപ്പായമണിഞ്ഞത്.
താരസമ്പന്നമായാണ് ഫോര്‍ലാന്റെ സംഘം ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നത്. ഉറുഗ്വേ ടീമില്‍ ഒരു ഇന്ത്യന്‍ വംശജനായ താരവും ഇടം പിടിച്ചിട്ടുണ്ട്. മാക്‌സിമിലിയാനോ അരൗഹോയാണ് ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ഇന്ത്യന്‍ വംശജന്‍. ഗോവയിലെ ലൗട്ടോലിം സ്വദേശിയാണ് അരൗഹോയുടെ മുത്തശ്ശന്‍.
പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങ് സി.പിയുടെ താരമായ അരൗഹോ 2026 ലോകകപ്പില്‍ ചരിത്ര ഗോളും നേടിയിരുന്നു. ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വംശജനായും അരൗഹോ മാറിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി അറേബ്യക്കെതിരെയായിരുന്നു താരത്തിന്റെ ഗോള്‍ പിറന്നത്.
അരൗഹോക്കൊപ്പം യൂറോപ്പിലെ പല വമ്പന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന താര സംഘവും ഉറുഗ്വേ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഈ ചരിത്ര പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ഫുട്ബാള്‍ ലോകം.
ഇന്ത്യക്കെതിരെയുള്ള സൗഹൃദ മത്സരത്തിനുള്ള ഉറുഗ്വേ സ്‌ക്വാഡ്
ഗോള്‍കീപ്പര്‍മാര്‍
സാന്റിയാഗോ മെലെ, ക്രിസ്റ്റഫര്‍ ഫിയര്‍മാരിന്‍, ഇഗ്‌നാസിയോ ഡി അരുബാരേന, സെബാസ്റ്റ്യന്‍ ജൗമെ, തിയാഗോ കാര്‍ഡോസോ.
ഡിഫന്‍ഡര്‍മാര്‍
കെവിന്‍ അമാരോ. ജോസ് ലൂയിസ് റോഡ്രിഗസ്, ഗില്ലെര്‍മോ വരേല,നഹിതാന്‍ നന്ദേസ്, സാന്റിയാഗോ മൗറിനോ, നിക്കോളാസ് മാരിചാല്‍, റൊണാള്‍ഡ് അരൗഹോ, അലക്‌സാണ്ടര്‍ ബാര്‍ബോസ, ജോസ് മരിയ ഗിമെനെസ്,ജുവാന്‍ റോഡ്രിഗസ്, സെബാസ്റ്റ്യന്‍ ബോസെല്ലി, സാന്റിയാഗോ ജോസ്‌റീവ്, സെബാസ്റ്റ്യന്‍ കാസെറസ് പിക്വറസ്, മാര്‍കാക്വിന്‍ ഓല, മാര്‍സെലോ സാറാച്ചി, ജുവാന്‍ മാനുവല്‍ സനാബ്രിയ.
മിഡ്ഫീല്‍ഡര്‍മാര്‍
എമിലിയാനോ മാര്‍ട്ടിനെസ്, ലൂക്കാസ് ടൊറേറ, റോഡ്രിഗോ ബെന്റാങ്കൂര്‍, ഫാകുണ്ടോ ബെര്‍ണല്‍, സാന്റിയാഗോ ഹോമെന്‍ചെങ്കോ, ഫെഡറിക്കോ വാല്‍വെര്‍ദെ, അഗസ്റ്റിന്‍ കനോബിയോ, മത്തിയാസ് അബാല്‍ഡോ, ഫാകുണ്ടോ പെല്ലിസ്ട്രി, ലൂസിയാനോ റോഡ്രിഗസ്, മാക്‌സിമിലിയാനോ അരോജോ, റോഡ്രിഗോ വിയല്‍ഗോ, റോഡ്രിഗോ വിയല്‍ബാസ് റോസി, ജോര്‍ജിയന്‍ ഡി അരാസ്‌കേറ്റ.
ഫോര്‍വേഡുകള്‍
മാര്‍ട്ടിന്‍ സട്രിയാനോ, അഗസ്റ്റിന്‍ എ. മാര്‍ട്ടിനെസ്, റോഡ്രിഗോ അഗ്യൂറെ, ഫെഡറിക്കോ വിനാസ്, മിഗ്വല്‍ മെറെന്‍ഷ്യല്‍, ഡാര്‍വിന്‍ ന്യൂനസ്, അല്‍വാരോ റോഡ്രിഗസ്.
Content Highlight: Indian-origin Maximiliano Araujo named in Uruguay squad for friendly against India