മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ച ബ്രിട്ടീഷ് പൗരത്വമുള്ള ഡോക്ടര്‍ സംഗ്രാം പാട്ടീലിനെ ഇന്ത്യ വിടാന്‍ അനുവദിക്കാതെ മുംബൈ പോലീസ്.
ജനുവരിയില്‍ നാട്ടിലെത്തിയ ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. എന്നാല്‍ ബ്രിട്ടനിലേക്ക് പോകാന്‍ ശ്രമിച്ച സംഗ്രാം പാട്ടീലിനെ വീണ്ടും തടയുകയായിരുന്നു. ഇതോടെ ബ്രിട്ടനിലെ ജോലിസ്ഥലത്തേക്ക് മടങ്ങാനാവാതെ ഇന്ത്യയില്‍ കുടുങ്ങിയിരിക്കുകയാണ് സംഗ്രാം.
ജനുവരി 10-ന് മുംബൈ വിമാനത്താവളത്തില്‍ വെച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം, നോട്ടീസ് നല്‍കി വിട്ടയച്ചുവെങ്കിലും ജനുവരി 19-ന് മടക്കയാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയപ്പോള്‍ അധികൃതര്‍ യാത്ര തടയുകയായിരുന്നു.
ഭരണകൂടത്തിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഡോക്ടര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
താന്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിട്ടും ലുക്ക്ഔട്ട് സര്‍ക്കുലര്‍ കാണിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് സംഗ്രാം പാട്ടീലിന്റെ പരാതി.
സംഗ്രാം പാട്ടീല്‍ രാജ്യം വിട്ടാല്‍ പിന്നീട് തിരികെ എത്തില്ലെന്നും അന്വേഷണം മുടങ്ങുമെന്നുമാണ് പോലീസിന്റെ വാദം.
വിദേശത്തിരുന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ ആസൂത്രിതമായ പ്രചാരണം നടത്തുന്നത് ഗൗരവകരമായ കാര്യമാണെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും കാണിച്ച് പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.ഇദ്ദേഹം ഇന്ത്യയില്‍ എത്തിയ ശേഷം പ്രകോപനപരമായ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത് തുടര്‍ന്നുവെന്നും പൊലീസ് കോടതിയില്‍ വാദിച്ചു.
താന്‍ ഒരു ബ്രിട്ടീഷ് പൗരനാണെന്നും, രാഷ്ട്രീയപരമായ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചതിന്റെ പേരില്‍ തന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സംഗ്രാം പാട്ടീല്‍ കോടതിയില്‍ വാദിച്ചു.
കേസ് റദ്ദാക്കണമെന്നും ബ്രിട്ടനിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കോടതിയുടെ അന്തിമ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ.
Content Highlight: Indian-origin doctor detained for posts a part of ‘larger effort to malign’ PM Modi: Police tells HC