| Monday, 16th March 2026, 8:25 pm

സഞ്ജു ഉള്‍പ്പെടെ ഒറ്റ ഇന്ത്യക്കാരനും ഇല്ല; ഐ.സി.സിയുടെ ബഹുമതിക്ക് അര്‍ഹത ഇവരില്‍ ഒരാള്‍ക്ക്!

ശ്രീരാഗ് പാറക്കല്‍

ഫെബ്രുവരി മാസത്തെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള നോമിനേഷന്‍സ് പ്രഖ്യാപിച്ച് ഐ.സി.സി. ലോകകപ്പിലെ ടോപ് സ്‌കോററായ പാകിസ്ഥാന്‍ ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍, ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സ്, യു.എസ്.എയുടെ പേസ് ബൗളര്‍ ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക് എന്നിവരാണ് പുരുഷ വിഭാഗത്തില്‍ ഫെബ്രുവരിയിലെ താരമാകാനുള്ള നോമിനേഷന്‍ നേടിയ താരങ്ങള്‍.

എന്നാല്‍ 2026ലെ ടി-20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടിയ മലയാളി താരം സഞ്ജു സാംസണ്‍ നോമിനേഷന്‍ പട്ടികയില്‍ ഇടം പിടിച്ചില്ല. സഞ്ജു അടക്കം ഇന്ത്യന്‍ പുരുഷ ടീമിലെ ഒരു താരത്തിന് പോലും ഇത്തവണ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കാനായില്ല എന്നതാണ് ശ്രദ്ധേയമായത്.

2026ലെ ടി-20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടിയ സഞ്ജു സാംസണ്‍

ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 321 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെയും ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെയും 89 റണ്‍സ് വീതം നേടിയിരുന്നു.

അതേസമയം ടി-20 ലോകകപ്പിലെ മികച്ച പ്രകടനമാണ് നോമിനേഷന്‍ നേടിയ മൂന്ന് താരങ്ങളും കാഴ്ചവെച്ചത്. ലോകകപ്പിലെ ഏഴ് മത്സരങ്ങളില്‍ നിന്ന് 160.25 സ്‌ട്രൈക്ക് റേറ്റില്‍ 383 റണ്‍സാണ് സാഹിബ്‌സാദ ഫര്‍ഹാന്‍ അടിച്ചത്.

ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ സെമിഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വില്‍ ജാക്‌സ് ആണ് നോമിനേഷന്‍ നേടിയ മറ്റൊരു താരം. 192 റണ്‍സും 11 വിക്കറ്റുകളും നേടി ലോകകപ്പില്‍ വില്‍ ജാക്‌സ് മികവ് പുറത്തെടുത്തിരുന്നു.

ലോകകപ്പില്‍ അമേരിക്കക്കായി തിളങ്ങിയ പേസര്‍ ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക് ആണ് പ്ലെയര്‍ ഓഫ് ദി മന്ത് നോമിനേഷനിലെ മറ്റൊരാള്‍. നാല് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകളാണ് താരം നേടിയത്.

വനിതകളുടെ പട്ടികയില്‍ ഇന്ത്യന്‍ താരം അരുന്ധതി റെഡ്ഡിയും നോമിനേഷന്‍ ലഭിച്ച മൂന്ന് താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു. ഓസ്ട്രേലിയക്കെതിരായ ടി-20 പരമ്പരയിലെ മികച്ച ബൗളിങ് പ്രകടനമാണ് അരുന്ധതിയെ പട്ടികയില്‍ എത്തിച്ചത്. ഓസ്ട്രേലിയക്കെതിരായ പരമ്പര വിജയത്തില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലായിരുന്നു താരം.

Content Highlight: Indian opener Sanju Samson did not receive the ICC Player of the Month nomination

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more