കാബൂള്‍: പാസ്‌പോര്‍ട്ടോ രേഖകളോ പരിശോധിക്കാതെ ഇന്ത്യക്കാരനായ യാത്രികനെ അഫ്ഗാനിസ്ഥാനിലേക്ക് സ്വഗതം ചെയ്ത് താലിബാന്‍ സുരക്ഷാ സൈനികര്‍. ചെക്ക് പോയിന്റില്‍ വെച്ച് ഇന്ത്യക്കാരനെ താലിബാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പുഞ്ചിരിയോടെ വരവേല്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ബൈക്ക് യാത്രികനായ ഇന്ത്യക്കാരന്‍ ചെക്ക് പോയിന്റിലെത്തുന്നതും കാബൂളിലേക്ക് പ്രവേശിക്കാന്‍ അനുമതി തേടുന്നതുമാണ് വീഡിയോയിലുള്ളത്. ഹെല്‍മറ്റിലുള്ള ക്യാമറയില്‍ പതിഞ്ഞ വീഡിയോയാണിത്.
ചെക്ക് പൊയിന്റിലേക്ക് എത്തുന്ന ഇന്ത്യന്‍ യാത്രികന് അരികിലേക്ക് തോക്കേന്തിയ രണ്ട് താലിബാന്‍ സൈനികരെത്തുകയാണ്. അവര്‍ അദ്ദേഹത്തെ തടയുകയും രേഖകള്‍ക്കായി സമീപിക്കുകയും ചെയ്യുന്നു. സ്വാഭാവികമായി സ്വാഗതം ആശംസിച്ച ശേഷം രേഖകള്‍ക്കായി കൈ നീട്ടുകയും നിങ്ങള്‍ എവിടെ നിന്നാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്.
തുടര്‍ന്ന് ഇന്ത്യയില്‍ നിന്നാണെന്ന് യാത്രികന്‍ പറയുമ്പോള്‍ ‘വെല്‍ക്കം ബ്രദര്‍’ എന്നു പറഞ്ഞാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്‌നേഹത്തോടെ ഹസ്തദാനത്തിനാായി കൈനീട്ടുന്നത്. അഫ്ഗാനിസ്ഥാനും ഇന്ത്യയും സഹോദരങ്ങളാണെന്നും അദ്ദേഹം പറയുന്നുണ്ട്.
ഇതിനിടെ ബൈക്കില്‍ നിന്നും രേഖകള്‍ എടുക്കാന്‍ ശ്രമിക്കുന്ന യാത്രികനെ വിലക്കികൊണ്ട് പാസ്‌പോര്‍ട്ട് വേണ്ടെന്നും ഒരു കുഴപ്പവുമില്ലെന്നും പരിശോധന ആവശ്യമില്ലെന്നും സൈനികന്‍ അറിയിക്കുന്നു. തുടര്‍ന്ന് എവിടേക്കാണ് പോവുന്നതെന്ന് ചോദിക്കുകയും കാബൂളിലേക്കാണെന്ന് യാത്രികന്‍ പറയുമ്പോള്‍ ശുഭയാത്ര ആശംസിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. മുന്നോട്ടുള്ള യാത്രക്കിടെ തന്റെ സന്തോഷം യാത്രികന്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ഫസല്‍ അഫ്ഗാന്‍ എന്ന എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
‘അഫ്ഗാനിസ്ഥാനിലെത്തിയ ഇന്ത്യന്‍ വിനോദസഞ്ചാരിയെ പതിവ് പാസ്പോര്‍ട്ട് പരിശോധനയ്ക്കായി താലിബാന്‍ ചെക്ക്പോയിന്റില്‍ തടഞ്ഞു. പക്ഷെ, അയാള്‍ ഇന്ത്യയില്‍ നിന്നാണെന്ന് പറഞ്ഞ നിമിഷം തന്നെ അവര്‍ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുകയായിരുന്നു.
അയാളുടെ രേഖകള്‍ പോലും പരിശോധിക്കാതെ വിട്ടയച്ചു. അഫ്ഗാനിസ്ഥാന്‍ അതിന്റെ യഥാര്‍ത്ഥ സുഹൃത്തുക്കളോട് പെരുമാറുന്നത് ഇങ്ങനെയാണ്’, എന്നാണ് എക്‌സ് പോസ്റ്റിലെ വീഡിയോക്ക് തലക്കെട്ടായി നല്‍കിയിരിക്കുന്നത്.
അതേസമയം, ഇന്ത്യ അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരുമായി നയതന്ത്രതലത്തിലും കൂടുതല്‍ അടുക്കുകയാണ്. അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുത്താഖി വ്യാഴാഴ്ച ഇന്ത്യയിലെത്തി. ആറ് ദിവസത്തെ സന്ദര്‍ശനത്തിനാണ് മുത്താഖി എത്തിയിരിക്കുന്നത്. 2021ല്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം നേടിയ ശേഷം ആദ്യമായാണ് താലിബാന്റെ ഒരു ഉന്നത ഉദ്യേഗസ്ഥന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. നേരത്തെ യു.എന്‍ മുത്താഖിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് താത്ക്കാലികമായി പിന്‍വലിച്ചതോടെയാണ് അദ്ദേഹം ഇന്ത്യയിലെത്തിയിരിക്കുന്നത്.
മുത്താഖിക്ക് ഇന്ത്യ ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. ഉഭയകക്ഷി ബന്ധവും പ്രാദേശിക വിഷയങ്ങളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധിര്‍ ജയ്‌സ്വാള്‍ മുത്താഖിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രതികരിച്ചു.
വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും മുത്താഖി ചര്‍ച്ച നടത്തും. ഇന്ത്യ സന്ദര്‍ശനത്തിന് പിന്നാലെ മുത്താഖി റഷ്യ സന്ദര്‍ശിക്കും.
Content Highlight: Indian means brother; no documents required; Taliban security officer gives warm welcome to Indian traveler