| Wednesday, 23rd July 2025, 10:09 am

അയർലണ്ടിൽ ഇന്ത്യൻ പൗരനെ നഗ്നനാക്കി ആക്രമിച്ചു, വംശീയ ആക്രമണമെന്ന് റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡബ്ലിൻ: അയർലണ്ടിൽ ഇന്ത്യൻ പൗരന് നേരെ ആക്രമണം. അയർലണ്ടിലെ ഡബ്ലിനിലെ ടാലയിൽ ഒരു കൂട്ടം അക്രമികൾ ഇന്ത്യക്കാരനെ നഗ്നനാക്കി ആക്രമിക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു (ജൂലൈ 19) ആക്രമണം നടന്നത്. സംഭവത്തിൽ ഐറിഷ് നാഷണൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി ദി ഐറിഷ് ടൈംസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നാലെ പരിക്കേറ്റ വ്യക്തിയെ ടാലഗ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ആക്രമണത്തിനിരയായ വ്യക്തി മൂന്ന് ആഴ്ചകൾക്ക് മുമ്പാണ് അയർലണ്ടിൽ എത്തിയത്. ടാലയിലെ പാർക്ക്ഹിൽ റോഡിൽ വെച്ച് ഒരു കൂട്ടം ആളുകൾ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. നിരവധിപേർ ആക്രമണത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.

അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര സംഭവത്തെ അപലപിച്ചു. ആക്രമിക്കപ്പെട്ടയാൾക്ക്‌ ഐറിഷുകാർ നൽകിയ പിന്തുണക്കും ഐറിഷ് പൊലീസിനും അദ്ദേഹം നന്ദി അറിയിച്ചു. കുറ്റവാളിയെ നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അക്രമികൾ അദ്ദേഹത്തിന്റെ വസ്ത്രം അഴിച്ച് മാറ്റിയതായും അദ്ദേഹത്തിന് നിരവധി മുറിവുകൾ പറ്റിയതായും ഐറിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതൊരു വംശീയ ആക്രമണമാണെന്ന് ദി ഐറിഷ് ടൈംസ് റിപ്പോർട്ട് ചെയ്തു. ടാല സൗത്തിലെ ഫൈൻ ഗെയ്ൽ കൗൺസിലർ ബേബി പെരെപ്പാടൻ ആക്രമണത്തിനിരയായ വ്യക്തിയെ കാണുകയും പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു. ഞെട്ടൽ കാരണം തനിക്ക് കൂടുതൽ സംസാരിക്കാൻ സാധിക്കുന്നില്ലെന്ന് ബേബി പെരെപ്പാടൻ ഐറിഷ് ഇൻഡിപെൻഡന്റിനോട് പറഞ്ഞു.

ഞെട്ടൽ കാരണം എനിക്കൊന്നും സംസാരിക്കാൻ കഴിയുന്നില്ല. മൂന്ന് ആഴ്ച മുമ്പാണ് അദ്ദേഹം അയർലണ്ടിൽ എത്തിയത്. അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായ പ്രദേശത്ത് കൂടുതൽ ഗാർഡുകളെ വിന്യസിക്കണം. ഇതുപോലുള്ള സംഭവങ്ങൾ ടാലയിൽ പതിവായി സംഭവിക്കുന്നുണ്ട്. അയർലണ്ടിലേക്ക് വരുന്ന നിരവധി ഇന്ത്യക്കാർ വർക്ക് പെർമിറ്റിലാണ് ഇവിടെയുള്ളത്. ആരോഗ്യ സംരക്ഷണ മേഖലയിലോ ഐ.ടി മേഖലയിലോ ജോലി ചെയ്യാനോ അല്ലെങ്കിൽ പഠിക്കാനോ ആണവർ ഇവിടെയെത്തുന്നതെന്ന് ആളുകൾ മനസിലാക്കേണ്ടതുണ്ട്,’ കൗൺസിലർ പറഞ്ഞു.

Content Highlight: Indian man assaulted in Ireland’s Dublin in suspected racist attack

We use cookies to give you the best possible experience. Learn more