| Wednesday, 19th November 2025, 12:03 pm

ഇന്ത്യന്‍ വ്യവസായങ്ങള്‍ ആഗോള തലത്തിലേക്ക്; സംരംഭകര്‍ക്ക് പിന്തുണയുമായി 'ഇന്‍ഡ് ആപ്പ്'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഇന്ത്യന്‍ സംരഭകരെയും ഉത്പന്നങ്ങളെയും ആഗോള വിപണിയില്‍ അവതരിപ്പിച്ച് വ്യവസായവും വരുമാനവും കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് കൗണ്‍സില്‍ (എന്‍.ഐ.ആര്‍.ഡി.സി) വികസിപ്പിച്ച ‘ഇന്‍ഡ് ആപ്പ്’ നവംബര്‍ 26ന് ലോഞ്ച് ചെയ്യും.

വ്യവസായ രംഗത്തെ പുതിയ അവസരങ്ങള്‍, മാര്‍ക്കറ്റ് ട്രെന്റുകള്‍, കയറ്റുമതി പ്രോത്സാഹന പദ്ധതികള്‍, ധനസഹായ സബ്സിഡികള്‍, ടെക്നോളജി അപ്ഗ്രഡേഷന്‍ എന്നിവ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ സംരഭകര്‍ക്ക് ഏറ്റവും വേഗത്തില്‍ യഥാസമയം ലഭ്യമാക്കുകയെന്നതാണ് ആപ്ലിക്കേഷന്റെ പ്രധാന ലക്ഷ്യം.

സ്റ്റാര്‍ട്ട് അപ്പ് സംരംഭം മുതല്‍ വലിയ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വരെ പ്രയോജനകരവും എകീകൃതവുമായ ഡിജിറ്റല്‍ പ്ലാറ്റ് ഫോം ആയി ഇന്‍ഡ് ആപ്പ് പ്രവര്‍ത്തിക്കുമെന്നും എന്‍.ഐ.ആര്‍.ഡി.സി അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ ഇ-കൊമേഴ്സ് മേഖലയെ ആഗോളതലത്തില്‍ ഉയര്‍ത്തുന്നതില്‍ ഇന്‍ഡ് ആപ്പ് നടത്തുന്ന ഡിജിറ്റല്‍ തന്ത്രങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

ചെറുകിട സംരംഭകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കാന്‍ സഹായിക്കുന്ന ലോജിസ്റ്റിക് ഇന്റഗ്രേഷന്‍, ഡാറ്റ അനലിറ്റിക്സ്, ഡിജിറ്റല്‍ പേയ്മെന്റ്സ് സംവിധാനങ്ങള്‍, വില നിര്‍ണായമടക്കമുള്ളവയ്ക്കുള്ള എ.ഐ അധിഷ്ഠിതമായ സഹായങ്ങള്‍ ഉള്‍പ്പെടെ ശക്തമായ തന്ത്രങ്ങള്‍ക്കാണ് ഇന്‍ഡ് ആപ്പ് രൂപം നല്‍കിയിരിക്കുന്നത്.

ഉത്പാദകരെയും വാങ്ങുന്നവരെയും നേരിട്ട് ബന്ധിപ്പിക്കുന്ന ബിടുബി പ്ലാറ്റ്‌ഫോം ശക്തിപ്പെടുത്തി കയറ്റുമതി വളര്‍ച്ച ശക്തിപ്പെടുത്തുകയെന്നതും ഇന്‍ഡ് ആപ്പ് ലക്ഷ്യം വെയ്ക്കുന്നു.

പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹമുള്ളവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നിലവിലെ വ്യാപാരം വിപുലീകരിക്കാനും ഇന്‍ഡ് ആപ്പ് സഹായകരമാണെന്നും എന്‍.ഐ.ആര്‍.ഡി.സി അധികൃതര്‍ പറഞ്ഞു.

നവംബര്‍ 26ന് ഇന്ത്യന്‍ ഹാബിറ്റാറ്റ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര എം.എസ്.എം.ഇ മന്ത്രി ജിതന്‍ റാം മാംഞ്ജി ഇന്‍ഡ് ആപ്പ് പുറത്തിറക്കും. മറ്റു കേന്ദ്രമന്ത്രിമാര്‍, വിദേശരാജ്യ പ്രതിനിധികള്‍, മുഖ്യമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Content Highlight: Indian industries go global; ‘Ind App’ supports entrepreneurs

We use cookies to give you the best possible experience. Learn more