| Friday, 15th July 2016, 10:12 am

രക്ഷപ്പെട്ടത് ഭാഗ്യം ഒന്നുകൊണ്ട് മാത്രം; സുഡാനില്‍ നിന്നും രക്ഷപ്പെട്ട് എത്തിയവരുടെ പ്രതികരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആഭ്യന്തര കലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍നിന്ന് ഓപ്പറേഷന്‍ സങ്കട്‌മോചന്റെ ഭാഗമായി ഇന്നുപുലര്‍ച്ചെയാണ് 45 മലയാളികള്‍ ഉള്‍പ്പെടെ 156 അംഗ ഇന്ത്യന്‍ സംഘം തിരുവനന്തപുരത്ത് എത്തിയത്.

കനത്ത പോരാട്ടം നടക്കുന്ന സുഡാനില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്താനായത് ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണെന്ന് തിരുവനന്തപുരം സ്വദേശി അരുണ്‍കുമാര്‍ പറയുന്നു.

ഭരണാധികാരികള്‍ തമ്മിലുള്ള പ്രശ്‌നം അവരുടെ ഗോത്രങ്ങള്‍ ഏറ്റെടുക്കുകയും പിന്നീട് സേനകള്‍ തമ്മില്‍ കനത്ത യുദ്ധം നടന്നെന്നും ഇദ്ദേഹം പറയുന്നു. ഒരാഴ്ചയായി കനത്ത ബോംബിങാണ് നടന്നത്. പല കെട്ടിടങ്ങളും തകര്‍ന്നു. പലര്‍ക്കും പരിക്കേറ്റു.

യുദ്ധം രൂക്ഷമായപ്പോള്‍ ബന്ധുവഴി നോര്‍ക്കയുമായി ബന്ധപ്പെട്ടു. ഉടന്‍തന്നെ നോര്‍ക്ക അധികൃതര്‍ വാട്‌സ്ആപ് വഴി ബന്ധപ്പെടുകയും വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതായി അരുണ്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു നന്ദി പറയുന്നതായും അരുണ്‍ പറഞ്ഞു.

രണ്ടു സൈനിക വിമാനങ്ങളിലാണ് സുഡാന്‍ തലസ്ഥാന നഗരമായ ജുബയില്‍ നിന്നും ഇന്ത്യക്കാരെ രക്ഷിക്കുന്നത്. വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ജുബയിലേക്കു പോയത്.

മന്ത്രി കടകംപള്ളി സുരേന്ദ്രനും കളക്ടര്‍ ബിജു പ്രഭാകറും സംഘത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

കനത്തപോരാട്ടം നടക്കുന്ന സുഡാനില്‍ നിന്നും കുറച്ചു ദിവസങ്ങളായി തങ്ങള്‍ക്ക് ഭക്ഷണമൊന്നും ലഭിച്ചിരുന്നില്ല. ഇടയ്ക്ക് രണ്ട് ചപ്പാത്തിയും വെള്ളവും കിട്ടി. എയര്‍പോര്‍ട്ടിലെത്തിയതിനുശേഷമാണ് പിന്നീട് ഭക്ഷണവും വെള്ളവും ലഭിച്ചതെന്ന് തമിഴ്‌നാട് സ്വദേശിയായ രത്‌നദുരൈ പറഞ്ഞു.

ചിത്രം കടപ്പാട് : മലയാള മനോരമ

We use cookies to give you the best possible experience. Learn more