| Wednesday, 20th July 2016, 12:55 pm

ഇന്ത്യന്‍ ഹോക്കി ഇതിഹാസം മുഹമ്മദ് ഷാഹിദ് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ ഹോക്കി ക്യാപ്റ്റന്‍ മുഹമ്മദ് ഷാഹിദ് (56) അന്തരിച്ചു. കരളിനും കിഡ്‌നിക്കും അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്.

അസുഖം ഗുരുതരമായതിനത്തെുടര്‍ന്ന് ജന്മനാടായ വാരാണസിയില്‍നിന്ന് ഗുര്‍ഗാവോണിലെ മേദാന്ത മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഷാഹിദിന് മഞ്ഞപ്പിത്തവും ബാധിച്ചിട്ടുണ്ടായിരുന്നു.

ഇന്ത്യ അവസാനമായി ഹോക്കിയില്‍ സ്വര്‍ണംനേടിയ 1980ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

ഇന്ത്യന്‍ ഹോക്കിയില്‍ അതിവേഗ നീക്കങ്ങളും ഡ്രിബിളിങ്ങും നടത്തിയ താരമായാരുന്നു ഷാഹിദ്. ഇദ്ദേഹത്തിന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

ഷാഹിദിന്റെ ജീവന്‍ രക്ഷിക്കാനും ചികിത്സാ സൗകര്യമെത്തിക്കാനും ഇടപെടണമെന്നാവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ ധന്‍രാജ് പിള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയപ്പോഴാണ് ഷാഹിദിനെ ബാധിച്ച രോഗത്തിന്റെ ഗുരുതരാവസ്ഥ പുറംലോകമറിഞ്ഞത്.

പിള്ളയുടെ അഭ്യര്‍ഥന പുറത്തുവന്നതിനെ തുടര്‍ന്ന് ഷാഹിദിന്റെ ചികിത്സാചെലവുകള്‍ ഏറ്റെടുക്കാമെന്ന് റെയില്‍വേ അറിയിച്ചിരുന്നു. റെയില്‍വേയുടെ മുന്‍ താരം കൂടിയാണ് ഷാഹിദ്. പര്‍വീന്‍ ഷാഹിദ് ആണ് ഭാര്യ. മുഹമ്മദ് സൈഫ്, ഹീനാ ഷാഹിദ് എന്നിവരാണ് മക്കള്‍.

ചിത്രംകടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്

Latest Stories

We use cookies to give you the best possible experience. Learn more