| Saturday, 28th June 2025, 10:41 pm

അദാനിക്കെതിരായ കൈക്കൂലി കേസ്; ഗുജറാത്ത് കോടതിയില്‍ സമന്‍സ് എത്തിച്ചിട്ടുണ്ട്, പക്ഷെ കൈമാറിയിട്ടില്ല: യു.എസ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.എസിലെ കൈക്കൂലി കേസില്‍ ഗൗതം അദാനിക്ക് ഇതുവരെ സമന്‍സ് കൈമാറിയിട്ടില്ലെന്ന് യു.എസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍.

ഗുജറാത്തിലെ ഒരു സെഷന്‍ കോടതിയില്‍ സമന്‍സ് എത്തിച്ചിട്ടുണ്ടെന്നും എന്നാല്‍ കുറ്റാരോപിതരായ അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കും സമന്‍സ് കൈമാറിയിട്ടില്ലെന്നും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ വ്യക്തമാക്കി.

ഇക്കാര്യം സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ഇന്നലെ (വെള്ളി) ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയെ അറിയിച്ചു. ഗൗദം അദാനി ഉള്‍പ്പെടെയുള്ള കേസിലെ പ്രതികള്‍ ഇന്ത്യയിലാണെന്നും ഇന്ത്യന്‍ നിയമ മന്ത്രാലയം മുഖേന സമന്‍സ് കൈമാറാനാണ് ശ്രമിക്കുന്നതെന്നും യു.എസ് ഏജന്‍സി പറഞ്ഞു.

കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിലെ ആര്‍ക്കെതിരെയും യു.എസില്‍ കേസില്ലെന്ന് ഗൗതം അദാനി പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ പ്രതികരണം.

ഇതിനുമുമ്പും കൈക്കൂലി കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് അദാനി രംഗത്തെത്തിയിരുന്നു. സൗരോര്‍ജ പദ്ധതികള്‍ക്ക് കരാര്‍ ലഭിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈക്കൂലി നല്‍കിയ കേസിലാണ് സമന്‍സ്.

സൗരോര്‍ജ കരാറുകള്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ അധികാരികള്‍ക്ക് കൈക്കൂലി നല്‍കിയെന്നും അതിനായി അമേരിക്കന്‍ ഇന്‍വെസ്റ്റേഴ്സിന്റെ പണം ഉപയോഗപ്പെടുത്തിയെന്നുമായിരുന്നു ഗൗദം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കുമെതിരെ അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത കേസ്. 250 മില്യണ്‍ യു.എസ് ഡോളര്‍ കൈക്കൂലി നല്‍കിയെന്നായിരുന്നു കേസ്.

അതേസമയം കൈക്കൂലി കേസിലെ സമന്‍സ് അദാനിയുടെ വിലാസത്തില്‍ അയക്കാന്‍ അഹമ്മദാബാദ് ജില്ലാ സെഷന്‍ കോടതിയോട് കേന്ദ്രം ആവശ്യപ്പെട്ടതായി മാര്‍ച്ചില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരി 25ന് യു.എസ് സമന്‍സ് കോടതിക്ക് കൈമാറിയതായി നിയമ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര ഉടമ്പടി അനുസരിച്ച് യു.എസ് പുറപ്പെടുവിച്ച സമന്‍സ് കൈമാറേണ്ടതുണ്ടെന്നും ഉടമ്പടിയില്‍ ഒപ്പിട്ട രാജ്യങ്ങളിലെ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളില്‍ സഹകരിക്കാന്‍ ബാധ്യസ്ഥരാണെന്നും കേന്ദ്രം അറിയിച്ചിരുന്നു.

1965ലെ ‘ഹേഗ് കണ്‍വെന്‍ഷന്‍ ഫോര്‍ സര്‍വീസ് ഓഫ് ജുഡീഷ്യല്‍ ആന്‍ഡ് എക്സ്ട്രാജുഡീഷ്യല്‍ ഡോക്യുമെന്റ്സ് ഇന്‍ സിവില്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ മാറ്റേഴ്‌സ്’ പ്രകാരമായിരുന്നു കേന്ദ്രം ആവശ്യമുന്നയിച്ചത്.

Content Highlight: Indian Govt Is Yet to Serve Summons to Adanis, Says US SEC

We use cookies to give you the best possible experience. Learn more