| Thursday, 19th November 2026, 7:30 pm

ഇന്ത്യന്‍ ഫുട്‌ബോളിന്റെ അവസ്ഥ പരിതാപകരം: കായികമന്ത്രിയ്ക്ക് കത്തെഴുതി ബൈചൂങ് ബൂട്ടിയ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: നിലവിലെ ഭരണസമിതിയ്ക്ക് കീഴില്‍ രാജ്യത്തെ ഫുട്‌ബോളിന്റെ അവസ്ഥ പരിതാപകരമെന്ന് ചൂണ്ടിക്കാട്ടി, ദേശീയ ഫെഡറേഷന്റെ തലപ്പത്ത് പ്രവര്‍ത്തന പരിചയമുള്ള ഒരാളെ നിയമിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കായികമന്ത്രി മന്‍സൂഖ് മാണ്ഡവ്യയോട് ആവശ്യപ്പെട്ട് ഇതിഹാസ താരം ബൈചൂങ് ബൂട്ടിയ ഉള്‍പ്പെടെ 15 മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങള്‍.

നിലവില്‍ കല്യാണ്‍ ചൗബേ അധ്യക്ഷനായ ഭരണസമിതിയ്ക്ക് കീഴില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നേരിടുന്ന ദുരവസ്ഥ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ദേശീയ ടീമിന്റെ മുന്‍ താരങ്ങെളന്ന നിലയില്‍ കത്തെഴുതുന്നതെന്ന് അവര്‍ വ്യക്തമാക്കി.

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) രാജ്യത്ത് ഫുട്‌ബോളിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുക മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്നുവെന്നും മുന്‍ താരങ്ങള്‍ ആരോപിച്ചു.

പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനായി ഡിസംബര്‍ 20നാണ് എ.ഐ.എഫ്.എഫ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

ദീപക് മൊണ്ഡല്‍, അരിന്ദം ഭട്ടാചാര്യ, റെനഡി സിങ്, അന്‍വര്‍ അലി, ധനചന്ദ്ര സിങ്, സതീഷ് ഭാരതി, അല്‍വിറ്റോ ഡി’കുന, മന്‍ജിത് സിങ്, ബല്‍വന്ത് സിങ്, സെഹ്നാജ് സിങ്, കരണ്‍ജിത് സിങ്, ഹര്‍പ്രീത് സിങ്, ബല്‍ദീപ് സിങ്, ഹര്‍മന്‍ജോത് സിങ് ഖബ്ര എന്നിവരാണ് കത്തില്‍ ഒപ്പിട്ട മറ്റ് മുന്‍ താരങ്ങള്‍.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ദേശീയ ടീമിന്റെ റാങ്കിങ് 95ല്‍ നിന്ന് 138ലേക്ക് കുത്തനെ ഇടിഞ്ഞതായും അത് ഫെഡറേഷന്റെ പുതിയ ഭരണസമിതി ചുമതലയേറ്റതിന് ശേഷമാണ് ഇതുണ്ടായതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഒക്ടോബറില്‍ ബ്രസീലിനും ഉറുഗ്വേയ്ക്കുമെതിരെ നടത്തിയ അന്താരാഷ്ട്ര സൗഹൃദമത്സരങ്ങള്‍ എ.ഐ.എഫ്.എഫിന്റെ വെറും പ്രചാരണ തന്ത്രമായിരുന്നുവെന്നും മുന്‍ ഇന്ത്യന്‍ താരങ്ങള്‍ വിമര്‍ശിച്ചു.

ലീഗ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രതിസന്ധയുണ്ടെന്ന് ഫെഡറേഷന്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും, ബ്രസീലിനെയും ഉറുഗ്വേയെയും സൗഹൃദമത്സരങ്ങള്‍ക്കായി ക്ഷണിക്കാന്‍ വന്‍തുക ചെലവഴിച്ചുവെന്നും ഇത് രാജ്യത്തെ ഫുട്‌ബോളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ കാര്യമായൊന്നും സഹായിക്കില്ലെന്നും അവര്‍ പറഞ്ഞു.

പനാമ, ബ്രസീല്‍, ഉറുഗ്വേ ടീമുകള്‍ക്കെതിരെ സൗഹൃദമത്സരങ്ങളില്‍ പങ്കെടുത്തതിലൂടെ ഫിഫ സംഘടിപ്പിക്കുന്ന ആസിയാന്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനുള്ള അവസരവും ദേശീയ ടീമിന് നഷ്ടമായതായി കത്തില്‍ ചൂണ്ടിക്കാട്ടി.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ജംഷഡ്പൂര്‍ എഫ്.സി പോലുള്ള പ്രമുഖ ക്ലബ്ബുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതും താരങ്ങള്‍ ചൂണ്ടിക്കാട്ടി.

ഇത് താരങ്ങളുടെ തൊഴില്‍ സാധ്യതയും വരുമാനവും അപകടത്തിലാക്കിയെന്നും നിരവധി കളിക്കാര്‍ക്ക് ഇപ്പോല്‍ ജോലിയില്ലാത്ത അവസ്ഥയാണെന്നും കത്തില്‍ പറയുന്നു.

ഫെഡറേഷനെ നയിക്കാന്‍ മികച്ച പ്രവര്‍ത്തന പരിചയമുള്ള ഒരാളെ നിയമിക്കണമെന്നും അല്ലാത്ത പക്ഷം നിലവിലെ അവസ്ഥയില്‍ നിന്ന് ഇന്ത്യന്‍ ഫുട്‌ബോളിനെ പുനരുജ്ജീവിപ്പിക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടി വരുമെന്നും മുന്‍താരങ്ങള്‍ പറഞ്ഞു.

Content Highlight: Indian football in pathetic state, former footballers seek Sport Minister’s help.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more