| Tuesday, 7th April 2026, 10:36 pm

എവിടെയാണോ അവിടെ തുടരുക; 48 മണിക്കൂറിനുള്ളില്‍ പുറത്തിറങ്ങരുത്; ഇറാനിലെ ഇന്ത്യന്‍ എംബസി

അനിത സി

ടെഹ്‌റാന്‍: യു.എസ് കനത്ത ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയതോടെ ഇറാനിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി.

അടുത്ത 48 മണിക്കൂര്‍ എവിടെയാണോ അവിടെ തന്നെ തുടരണമെന്ന് എംബസി പുറത്തുവിട്ട കുറിപ്പിലൂടെ നിര്‍ദേശം നല്‍കി.

ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരണം. എല്ലാ വൈദ്യുത, സൈനിക ഇന്‍സ്റ്റാളേഷനുകളും ബഹുനില കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

എംബസി നല്‍കിയിരിക്കുന്ന ഹോട്ടലുകളിലുള്ളവര്‍ അകത്ത് തന്നെ കഴിയുകയും, സ്ഥലത്തെ എംബസി ടീമംഗങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഇറാനെതിരെ ചൊവ്വാഴ്ച രാത്രി കനത്ത ആക്രമണം നടത്തുന്നുണ്ടെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

‘മുഴുവന്‍ നാഗരികതയും ഇന്ന് രാത്രി മരിക്കും. അത് സംഭവിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെങ്കിലും, ഒരുപക്ഷേ അങ്ങനെ സംഭവിക്കും,’ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞിരുന്നു.

ഭീഷണിക്ക് അതേ നാണയത്തിലുള്ള തിരിച്ചടിയും ഇറാന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അലക്‌സാണ്ടറും മംഗോളിയന്മാരും തകര്‍ക്കാന്‍ ശ്രമിച്ചിട്ടും സാധിക്കാത്തത് ട്രംപിനെ പോലൊരു മനോരോഗിക്ക് സാധിക്കില്ലെന്നായിരുന്നു ഇറാന്റെ മറുപടി.

പിന്നാലെ, അമേരിക്കയുമായുള്ള എല്ലാ ആശയവിനിമയങ്ങളും ഇറാന്‍ നിര്‍ത്തിവക്കുകയും ചെയ്തു. എല്ലാ നയതന്ത്രപരവും പരോക്ഷവുമായ ആശയവിനിമയ മാര്‍ഗങ്ങളും ഇറാന്‍ നിര്‍ത്തിവച്ചതായി ടെഹ്റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Indian Embassy in Iran provides advisory to Indians

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more