ന്യൂദല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹല്‍. ശനിയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. പാര്‍ട്ടിയുടെ ഒ.ബി.സി മോര്‍ച്ച ദേശീയ നിര്‍വാഹകസമിതിയിലേക്ക് പ്രത്യേക ക്ഷണിതാവായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് നടപടി.
പ്രഖ്യാപനത്തിന് മുന്നോടിയായി ചഹല്‍ രാജ്യസഭാ എം.പിയും ഒ.ബി.സി മോര്‍ച്ച ദേശീയ അധ്യക്ഷനുമായ അമര്‍പാല്‍ മൗര്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ഒ.ബി.സി മോര്‍ച്ച ദേശീയ സമിതിയില്‍ നടത്തിയ വലിയ അഴിച്ചുപണിയുടെ ഭാഗമായാണ് ഈ നീക്കം.
ഏഴ് ദേശീയ വൈസ് പ്രസിഡന്റുമാര്‍, 3 ദേശീയ ജനറല്‍ സെക്രട്ടറിമാര്‍, ഏഴ് ദേശീയ സെക്രട്ടറിമാര്‍, 37 നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നിവരെയും പുതുതായി നിയമിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ സ്ഥാനവും ആദരവും നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിതിന്‍ നബീന്, അമര്‍പാല്‍ മൗര്യ എന്നിവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ചഹല്‍ എക്സില്‍ കുറിപ്പ് പങ്കുവെച്ചു.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളും ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബൗളറുമാണ് യുസ്വേന്ദ്ര ചഹല്‍. ക്രിക്കറ്റിന് പുറമെ ചെസിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
1990 ജൂലൈ 23ന് ഹരിയാനയിലെ ജിന്ദില്‍ ജനിച്ച ചഹല്‍, ക്രിക്കറ്റില്‍ സജീവമാകുന്നതിന് മുന്‍പ് ജൂനിയര്‍ തലത്തില്‍ അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. വേള്‍ഡ് യൂത്ത് ചെസ്സ് ചാമ്പ്യന്‍ഷിപ്പിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2016 ജൂണില്‍ സിംബാബ്വെയ്ക്കെതിരെയായിരുന്നു ഏകദിന, ട്വന്റി-20 അരങ്ങേറ്റം. പിന്നീട് കുല്‍ദീപ് യാദവിനൊപ്പം ചേര്‍ന്ന് ‘കുല്-ച’ എന്ന പേരില്‍ ഇന്ത്യന്‍ മധ്യനിരയിലെ ഏറ്റവും അപകടകാരിയായ സ്പിന്‍ സഖ്യമായി മാറി.
2026 ഒക്ടോബറില്‍ 17 വര്‍ഷം നീണ്ട ഫസ്റ്റ് ക്ലാസ് (റെഡ് ബോള്‍) ക്രിക്കറ്റില്‍ നിന്നും ചഹല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കിലും, ഏകദിന-ട്വന്റി20 ഫോര്‍മാറ്റുകളിലും ഐപിഎല്ലിലും തുടര്‍ന്നും കളിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
2023 ഓഗസ്റ്റിന് ശേഷം ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ചിട്ടില്ലെങ്കിലും ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനായി അദ്ദേഹം ശ്രമം തുടരുകയാണ്.
Content Highlight: Indian cricketer Yuzvendra Chahal joins the BJP; the player thanks the Prime Minister for the position and respect accorded to him within the party.