ടി-20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ ദേശീയ പതാകയെ അപമാനിച്ചതായി പരാതി. അഭിഭാഷകന്‍ വാജിദ് ഖാനാണ് താരത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശിവാജി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ടി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ വിജയത്തിന് ശേഷം ഹര്‍ദിക് പാണ്ഡ്യ ദേശീയ പതാക ശരീരത്തില്‍ ചുറ്റുകയും മൈതാനത്ത് വെച്ച് അശ്ലീലമായ രീതിയില്‍ പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. ദേശീയ പതാകയുടെ അന്തസ് കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും നിയമനടപടി സ്വീകരിക്കണമെന്നും അഭിഭാഷകന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
മത്സര ശേഷം പാണ്ഡ്യയും പങ്കാളി മഹിക ശര്‍മയും ചേര്‍ന്നുള്ള ആഘോഷ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരും ഒന്നിച്ച് ഡാന്‍സ് ചെയ്യുന്നതും സെല്‍ഫിയെടുക്കുന്നതും ചുംബിക്കുന്നതുമെല്ലാം ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷകന്‍ പരാതിയുമായി രംഗത്തെത്തിയത്.
അതേസമയം ഇന്ത്യയുടെ വിജയത്തിന്റെ ആഘോഷത്തില്‍ മുഴുകിയ ഹര്‍ദിക് പാണ്ഡ്യ ദേശീയ പതാക ധരിച്ചുകൊണ്ട് കാമുകിക്കൊപ്പം വേദിയില്‍ അപമര്യാദ കാട്ടിയെന്നും അത് ദേശീയ പതാകയെ അപമാനിക്കുന്നതാണെന്നും വാജിദ് ഖാന്‍ എ.എന്‍.ഐയോട് പറഞ്ഞിരുന്നു.
‘നിങ്ങള്‍ ടി-20 ലോകകപ്പ് കണ്ടിട്ടുണ്ടാകും. വിജയത്തിന്റെ ആഘോഷത്തില്‍ ഹര്‍ദിക് പാണ്ഡ്യ കാമുകിക്കൊപ്പം നൃത്തം ചെയ്തിരുന്നു. ദേശീയ പതാക അദ്ദേഹത്തിന്റെ ദേഹത്ത് പൊതിഞ്ഞ് കെട്ടിവെച്ച നിലയിലായിരുന്നു.
1971ലെ ദേശീയ പതാക നിയമത്തിലെ സെക്ഷന്‍ 2 അനുസരിച്ച്, ദേശീയ പതാകയുടെ അന്തസ്സിനെ നാം ബഹുമാനിക്കണം. എന്നിട്ടും തന്റെ വിജയത്തിന്റെ ആഘോഷത്തില്‍ മുഴുകിയ ഹര്‍ദിക് പാണ്ഡ്യ ദേശീയ പതാക ധരിച്ചുകൊണ്ട് കാമുകിക്കൊപ്പം വേദിയില്‍ അപമര്യാദ കാട്ടി. അത് ദേശീയ പതാകയെ അപമാനിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ വാജിദ് ഖാന്‍ എ.എന്‍.ഐയോട് പറഞ്ഞു.