ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര സന്ദര്‍ശകര്‍ തൂത്തുവാരിയിരുന്നു. ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ ഗുവാഹത്തിയില്‍ തിളങ്ങാതിരുന്നതോടെയാണ് ഇന്ത്യന്‍ സംഘം പരമ്പര കൈവിട്ടത്. രണ്ടാം ടെസ്റ്റില്‍ 408 റണ്‍സിനായിരുന്നു ടീമിന്റെ തോല്‍വി. നേരത്തെ കൊല്‍ക്കത്തയില്‍ നടന്ന ഒന്നാം ടെസ്റ്റിലും ആതിഥേയര്‍ പരാജയപ്പെട്ടിരുന്നു.
തോല്‍വിയോടെ ഹോം ടെസ്റ്റില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികം പ്രോട്ടിയാസിന് മേലുണ്ടായിരുന്ന ഇന്ത്യന്‍ ആധിപത്യത്തിന് കൂടിയാണ് വിരാമമായത്. 25 വര്‍ഷമായി ഒരു പരമ്പര കൈവിടാത്ത റെക്കോഡാണ് ഈ വര്‍ഷം ഇന്ത്യ അടിയറവ് പറഞ്ഞത്.
ഇത് മാത്രമല്ല, ഇന്ത്യന്‍ സംഘത്തിന്റെ നഷ്ടം. 21 മുതല്‍ 56 വര്‍ഷങ്ങള്‍ വരെ കൈപിടിയിലൊതുക്കിയ മറ്റനേകം റെക്കോഡുകള്‍ കൂടിയാണ്. അതില്‍ ഏറ്റവും വലിയ തോല്‍വി മുതല്‍ ഏറ്റവും ചെറിയ ഹോം ടെസ്റ്റ് ബാറ്റിങ് ആവറേജ് വരെ ഉള്‍പ്പെടും.
ഒരു ഹോം ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ബാറ്റിങ് ആവറേജാണ് പ്രോട്ടിയാസിനെതിരെ ഇന്ത്യ കുറിച്ചത്. 15.23 ആയിരുന്നു ടീമിന്റെ ഈ മത്സരത്തില്‍ ബാറ്റിങ് ആവറേജ്. 56 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഇങ്ങനെ മോശം സംഖ്യ കുറിക്കുന്നത്.
കൂടാതെ, 45 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഹോം ടെസ്റ്റ് പരമ്പരയില്‍ 240 റണ്‍സ് എന്ന മാര്‍ക്ക് ഇന്ത്യയ്ക്ക് പിന്നിടാന്‍ കഴിയാതെ പോയത് ഇത് ആദ്യമാണ്. രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ നേടിയ 201 റണ്‍സാണ് ഈ പരമ്പരയിലെ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോര്‍.
ഇതിനൊപ്പം ഒരു സെഞ്ച്വറി പോലുമില്ലാതെയാണ് ഇന്ത്യ പ്രോട്ടിയാസിനെതിരെയുള്ള ഈ പരമ്പര അവസാനിപ്പിച്ചത്. ഇങ്ങനെയൊന്ന് ടീമിന്റെ ഹോം ടെസ്റ്റ് പരമ്പരയിലെ ചരിത്രത്തില്‍ സംഭവിച്ചത് 30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.
സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള പരമ്പരയിൽ ഇന്ത്യൻ ടീം Photo: BCCI/x.com
25 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രോട്ടിയാസിനോട് ഹോം ടെസ്റ്റ് പരമ്പര കൈവിട്ടതിനൊപ്പം മറ്റൊരും 25 വര്‍ഷത്തെ റെക്കോഡും തരിപ്പണമായി. ഒരു 100+ റണ്‍സിന്റെ കൂട്ടുകെട്ടുകള്‍ പോലും ഇല്ലാതെയാണ് ഈ പരമ്പര ഇന്ത്യ അവസാനിപ്പിച്ചത്.
കൂടാതെ, 21 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് മോശം റെക്കോഡും ഇന്ത്യന്‍ സംഘത്തിന് മേല്‍ ചാര്‍ത്തപ്പെട്ടു. അതില്‍ ഒന്നാമത്തേത് റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ ടെസ്റ്റ് തോല്‍വി വഴങ്ങിയെന്നുള്ളതാണ്. ഒരു വിസിറ്റിങ് ടീം ഇന്ത്യയില്‍ ഏറ്റവും വലിയ ടാര്‍ഗറ്റ് ടീമിനെതിരെ കുറിച്ചുയെന്നതാണ് മറ്റൊന്ന്.
ഒരൊറ്റ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യന്‍ സംഘം ഇങ്ങനെ റെക്കോര്‍ഡുകള്‍ കൈവിട്ടതെന്ന് ശ്രദ്ധേയമാണ്. 2024 ന് ശേഷമാണ് ഇന്ത്യയ്ക്ക് ടെസ്റ്റില്‍ ഇത്തരമൊരു വീഴ്ചയുണ്ടായത്. അതിനാല്‍ കോച്ച് ഗൗതം ഗംഭീറിന് നേരെയും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് എതിരെയും വലിയ രീതിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
Content Highlight: Indian Cricket Team have lost many test record with the test series defeat against South Africa