| Sunday, 15th November 2026, 5:27 pm

തകർത്തത് 36 വർഷത്തെ ചരിത്രം; കിവികളുടെ ചിറകൊടിച്ച് ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പര 3-1ന് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. അവസാന മത്സരത്തിൽ കിവികളെ എറിഞ്ഞു വീഴ്ത്തിയാണ് ഇന്ത്യ പരമ്പര കൈപ്പിടിയിലാക്കിയത്. ഇന്ത്യ മുന്നോട്ട് വെച്ച 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് 48.1 ഓവറിൽ 187 റൺസിന് പുറത്തായി. സ്വന്തം മണ്ണിൽ തുടർച്ചയായ 11 വിജയങ്ങൾക്ക് ശേഷമാണ് ന്യൂസിലാൻഡ് ഒരു ഏകദിന പരമ്പര പരാജയപ്പെടുന്നത്. 2019ൽ ഇന്ത്യയോട് തന്നെയാണ് കിവീസ് അവസാനമായി ഒരു ഹോം പരമ്പര തോറ്റത്.

ഈ വിജയത്തോടെ 36 വർഷത്തെ ഒരു ചരിത്രവുമാണ് ഇന്ത്യ തിരുത്തിക്കുറിച്ചത്. ഏകദിനത്തിൽ ന്യൂസിലാൻഡിൽ ഇന്ത്യ തങ്ങളുടെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് ഡിഫൻസ് ചെയ്തിരിക്കുന്നത്. 1990ൽ 221 റൺസായിരുന്നു ഇതിന് മുമ്പ് ഇന്ത്യ ഡിഫൻഡ് ചെയ്തിരുന്നത്. ഇപ്പോൾ നീണ്ട 36 വർഷം പഴക്കമുള്ള റെക്കോഡും ശ്രേയസ് അയ്യരും സംഘവും തകർത്തിരിക്കുകയാണ്.

മത്സരത്തിൽ ഇന്ത്യക്ക് ബൗൾ ചെയ്ത ആറ് പേരും വിക്കറ്റ് നേടി കരുത്തുകാട്ടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി പട്ടേലും ഇഷാൻ കിഷനും 46 റൺസ് വീതം നേടി. 210 റൺസ് വിജയലക്ഷ്യം ന്യൂസിലാൻഡ് അനായാസം മറികടക്കുമെന്ന് കരുതിയവർക്കെല്ലാം പക്ഷേ തെറ്റി.

കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ ന്യൂസിലാൻഡ് ബാറ്റർമാരെയൊന്നും തന്നെ ക്രീസിലുറച്ചുനിൽക്കാൻ സമ്മതിച്ചില്ല. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ പേസർ മുഹമ്മദ് സിറാജ് ആറാം ഓവറിൽ ടിം സീഫർട്ടിനെ പുറത്താക്കി ഇന്ത്യയ്ക്ക ആദ്യ ബ്രേക്ക് നൽകി.

കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ വിൽ യങ്ങിനെ 17ാം ഓവറിൽ അർഷ്ദീപ് സിങ് പുറത്താക്കി. 21ാം ഓവറിൽ നിക്ക് കെല്ലിയുടെ വിക്കറ്റും അർഷ്ദീപ് സ്വന്തമാക്കി. പിന്നാലെ വന്ന ഫിൻ അലനെ അടുത്ത ഓവറിൽ തന്നെ സിറാജ് മടക്കി അയച്ചു.

33 പന്തിൽ 19 റൺസ് എടുത്ത് ക്രീസിൽ ഉറച്ചുനിന്ന മൈക്കൽ ബ്രേസ്‌വെല്ലിനെ 31ാം ഓവറിൽ ആഖ്വിബ് നബി നമൻ ധീറിന്റെ കൈകളിലെത്തിച്ചു. 42 പന്തിൽ 31 റൺസെടുത്ത ഡീൻ ഫോക്‌സ്‌ക്രോഫ്റ്റിനെ കന്നി ഏകദിനം കളിക്കുന്ന യഷ് താക്കൂർ മടക്കി.

ഓരോ തവണയും ഒരു കിവീസ് ബാറ്റർ ക്രീസിൽ ഉറച്ചുനിൽക്കുന്നുവെന്ന പ്രതീതി ഉണ്ടായപ്പോൾ ഇന്ത്യൻ ബൗളർമാർ അവരെ തിരിച്ചയച്ചു. 24 റൺസെടുത്ത ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നറെ നമൻ ധീർ പുറത്താക്കി. സ്‌കോർകാർഡിൽ 29 റൺസ് കൂട്ടിച്ചേർക്കുന്നതിന് മുമ്പ് അവസാനത്തെ മൂന്ന് വിക്കറ്റുകളും ന്യൂസിലാൻഡിന് നഷ്ടമായി.

അതേസമയം ഇന്ത്യയുടെ മുന്നിലുള്ളത് കിവികൾക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ്. നവംബർ 19 മുതൽ 23 വരെയാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. നവംബർ 27 മുതൽ ഡിസംബർ ഒന്ന് വരെ രണ്ടാം ടെസ്റ്റും അരങ്ങേറും.

Content Highlight: Indian cricket team create a historical record in New Zealand ODI

Latest Stories

We use cookies to give you the best possible experience. Learn more