2025 ഐസിസി ഏകദിന ലോകകപ്പ് വിജയിച്ചതിന് പിന്നാലെ ഇന്ത്യൻ വിമൺസ് ക്രിക്കറ്റ് ടീമിന് ഇതിഹാസ നായകൻ എം.എസ് ധോണി അഭിനന്ദനങ്ങൾ അറിയിച്ച നിമിഷത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സ്‌മൃതി മന്ഥാന.
മൊബൈൽ ഫോൺ അധികം ഉപയോഗിക്കാത്ത ധോണി ലോകകപ്പ് വിജയിച്ചതിന് ശേഷം വാട്സാപ്പിൽ തനിക്ക് മെസേജ് അയച്ചത് വലിയ സന്തോഷമുണ്ടാക്കിയെന്നാണ് സ്‌മൃതി പറഞ്ഞത്. ധോണിക്കൊപ്പം പങ്കെടുത്ത ഒരു പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ.
‘ലോകകപ്പ് ജയിച്ചതിന് ശേഷം അദ്ദേഹം എനിക്ക് മെസേജ് അയച്ചു. അദ്ദേഹം ഫോൺ അധികം ഉപയോഗിക്കാറില്ലെന്ന് എനിക്കറിയാം. ഞങ്ങളെ അഭിനന്ദിച്ച് അദ്ദേഹം വാട്സാപ്പിൽ മെസേജ് അയച്ചതിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നി,’ സ്‌മൃതി മന്ഥാന പറഞ്ഞു.
സ്‌മൃതി മന്ഥാനക്ക് സന്ദേശം അയക്കാനുള്ള കാരണത്തെക്കുറിച്ചും ധോണി ഇതേ വേദിയിൽ സംസാരിച്ചു. ഇന്ത്യൻ ടീമിലെ മറ്റാരുടെയും നമ്പർ കയ്യിൽ ഉണ്ടായിരുന്നില്ലെന്നാണ് ധോണി പറഞ്ഞത്.
‘ടീമിലെ മറ്റാരുടെയും നമ്പർ എന്റെ കയ്യിൽ ഉണ്ടായിരുന്നില്ല. എന്റെ ആശംസകൾ എല്ലാവരിലും എത്തണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. കുറച്ചുനാൾ മുമ്പ് ഞങ്ങൾ ഒരുമിച്ച് ഒരു പരസ്യത്തിൽ അഭിനയിച്ചിരുന്നു. അതുകൊണ്ട് സ്മൃതിക്ക് മെസേജ് അയക്കാമെന്ന് കരുതി. ടീമിലുള്ള എല്ലാവർക്കും ആശംസകൾ അറിയിക്കണമെന്നും ഞാൻ അവളോട് പറഞ്ഞു,’ ധോണി കൂട്ടിച്ചേർത്തു.
2025 നവംബർ രണ്ടിനായിരുന്നു ഇന്ത്യ ഐ.സി.സി വനിതാ ഏകദിന ലോകകപ്പിൽ തങ്ങളുടെ പേര് എഴുതിച്ചേർത്തത്. നവി മുംബൈയിൽ നടന്ന കലാശപ്പോരാട്ടത്തിൽ സൗത്ത് ആഫ്രിക്കയെ 52 റൺസിന് വീഴ്ത്തിയാണ് ഹർമൻപ്രീത് കൗറും സംഘവും ചരിത്രത്തിലെ ആദ്യ ലോകകപ്പ് കൈപ്പിടിയിലാക്കിയത്.
ദീപ്തി ശർമയുടെയും ഷെഫാലി വർമയുടെയും ഓൾ റൗണ്ട് മികവിലാണ് ഇന്ത്യ ഫൈനൽ പിടിച്ചടക്കിയത്. ഷെഫാലി 87 റൺസും രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോൾ അഞ്ച് വിക്കറ്റും 58 റൺസുമായിരുന്നു ദീപ്തിയുടെ സമ്പാദ്യം. ഷെഫാലി വർമ ഫൈനലിലെ താരമായപ്പോൾ ടൂർണമെന്റിന്റെ താരമായാണ് ദീപ്തി ശർമ തെരഞ്ഞെടുക്കപ്പെട്ടത്.
പ്രോട്ടിയാസിന്റെ അവസാന ബാറ്ററെ പുറത്താക്കാൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എടുത്ത ക്യാച്ചും ഈ കിരീടനേട്ടത്തിൽ ഓർത്തുവെക്കപ്പെടുന്ന ഒരു നിമിഷമാണ്. ദീപ്തി ശർമ എറിഞ്ഞ 45ാം ഓവറിലെ മൂന്നാം പന്തിൽ നദീന ഡി ക്ലാർക്ക് അടിച്ച പന്ത് കൈപിടിയിലൊതുക്കിയാണ് ഹർമൻ ടീമിന്റെ വിജയം പൂർത്തിയാക്കിയത്.
Content Highlight: Indian Captain Smriti Mandhana talks M.S Dhoni