ശ്രീലങ്കന്‍ ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിശീലനത്തിനിടയില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിന് പരിശീലനത്തിനിടെ പരിക്കേറ്റിരിക്കിക്കുകയാണ്. ക്യാച്ച് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പന്ത് ഗില്ലിന്റെ തള്ളവിരലില്‍ (തമ്പ്) തട്ടുകയായിരുന്നു.
പരിക്കേറ്റതോടെ വേദനകൊണ്ട് ഗില്‍ അസ്വസ്ഥനായി ഗ്രൗണ്ടില്‍ നിന്ന് പിന്‍മാറുന്നതായിരുന്നു കണ്ടത്. ഉടന്‍ തന്നെ ടീം ഫിസിയോ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്‍കി. വരാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ഗില്ലിന്റെ പരിക്കിന്റെ നില മെഡിക്കല്‍ സംഘം നിരീക്ഷിച്ചുവരും. അതേസമയം ഗില്ലിന്റെ പരിക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
അതേസമയം വരാനിരിക്കുന്ന മത്സരത്തില്‍ ഗില്‍ കളിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം അദ്ദേഹത്തിന്റെ പരിക്കിന്റെ പുരോഗതി വിലയിരുത്തിയ ശേഷമായിരിക്കും. ഇന്ത്യന്‍ ടീമിന്റെ പ്രധാന ബാറ്ററായും നായകനായും ഗില്ലിന്റെ ഫിറ്റ്‌നസ് ടീമിന് നിര്‍ണായകമായതിനാല്‍ ആരാധകരും ടീം മാനേജ്‌മെന്റും ആശങ്കയോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തുന്നത്.
മാത്രമല്ല മത്സരത്തിന് മുന്നോടിയായി സൂപ്പര്‍ താരം ജസ്പ്രീത് ബുംറ പരിക്ക് മൂലം പുറത്തായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇപ്പോള്‍ ഗില്ലിന്റെ പരിക്കും ഇന്ത്യന്‍ ക്യാമ്പില്‍ വലിയ തലവേദനയായിരിക്കുകയാണ്.
അതേസമയം ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുക. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും.
2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കയില്‍ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരക്കുണ്ട്. പരമ്പരക്ക് മുന്നോടിയായി നാല് യുവ സ്പിന്നര്മാരെയും ഇന്ത്യ ടീമില്‍ എത്തിച്ചിട്ടുണ്ട്.
അതേസമയം റെഡ് ബോളില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യയ്ക്ക് മികവ് പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മോശം പ്രകടനങ്ങള്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെയും പ്രതിരോധത്തിലാക്കിയിരുന്നു. ഫോര്‍മാറ്റില്‍ തിരിച്ചുവരാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് ലങ്കന്‍ സാഹചര്യങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
Content Highlight: Indian Captain Shubhman Gill Injured In Practice Section Ahead Sri Lankan Test