അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. ദൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 127 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 222 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാനിസ്ഥാൻ 94 റൺസിന് പുറത്താവുകയായിരുന്നു.
സൂപ്പർ താരം അഭിഷേക് ശർമയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 34 പന്തിൽ 108 റൺസുമായാണ് അഭിഷേക് തിളങ്ങിയത്. 11 കൂറ്റൻ സിക്സുകളും ഒമ്പത് ഫോറുകളും ആണ് താരം നേടിയത്. രണ്ട് ഫോറും നാല് സിക്‌സറും അടക്കം 35 പന്തിൽ 50 റൺസ് നേടി സഞ്ജുവും തിളങ്ങി.
ബൗളിങ്ങിൽ ഇന്ത്യയ്ക്കായി നിതീഷ് കുമാർ റെഡ്ഡി, രവി ബിഷ്‌ണോയ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അക്‌സർ പട്ടേൽ രണ്ട് അഫ്ഗാൻ താരങ്ങളെ മടക്കിയപ്പോൾ ജസ്പ്രീത് ബുംറയും യാഷ് താക്കൂറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പെരുമാറ്റമാണ് ഏറെ പ്രശംസ പിടിച്ചുപറ്റിയത്. ട്രോഫി ഉയർത്താൻ അഫ്ഗാൻ നായകൻ ഇബ്രാഹിം സദ്രാനെ ക്ഷണിക്കുകയും വിജയാഘോഷത്തിൽ പങ്കാളികളാവാനും ആവശ്യപ്പെടുകയായിരുന്നു അയ്യർ.
സമ്മാനദാന ചടങ്ങിൽ ഇന്ത്യൻ ക്യാപ്റ്റനെ വിളിച്ചപ്പോൾ അഫ്ഗാൻ നായകനെയും ഇന്ത്യൻ ടീമിന്റെ ഫോട്ടോയുടെ ഭാഗമാവാൻ അയ്യർ വിളിക്കുകയായിരുന്നു.
മുൻ ഇന്ത്യൻ താരം അജിൻക്യ രഹാനെയുടെ പാതയായിരുന്നു അയ്യരും സ്വീകരിച്ചത്. 2018ൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന അഫ്ഗാനെതിരെയുള്ള ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ ശേഷം രഹാനെ ടീം ഫോട്ടോയിൽ അഫ്ഗാൻ താരങ്ങളെ മുഴുവൻ വിളിച്ചിരുന്നു. എട്ട് വർഷങ്ങൾക്ക് ശേഷം അഫ്ഗാനെതിരെ വീണ്ടും ഈ മനോഹര കാഴ്ച റീക്രിയേറ്റ് ചെയ്തുകൊണ്ട് അയ്യരും കയ്യടി നേടിയിരിക്കുകയാണ്.
ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം ശ്രേയസിന്റെ കീഴിൽ അയർലാൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെയുള്ള പരമ്പരകൾ പരാജയപ്പെട്ടെങ്കിലും സിംബാബ്‌വേക്കെതിരെയും അഫ്ഗാനെതിരെയുമുള്ള രണ്ട് പരമ്പരയും അയ്യരുടെ കീഴിൽ തൂത്തുവാരി ഇന്ത്യ വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
ഇനി ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും മുന്നിലുള്ളത് ഏഷ്യൻ ഗെയിംസാണ്. ഏഷ്യൻ ഗെയിംസിൽ സ്വർണമണിയാൻ ഇന്ത്യ ജപ്പാനിലേക്ക് പറക്കും. ഇതിന് മുമ്പായി സെപ്റ്റംബർ 22ന് ഇന്ത്യ ജപ്പാനെതിരെ ഒരു ടി-20 മത്സരം കളിക്കും.
ഈ മത്സരത്തിന് സുസൂക്കി കപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ജപ്പാനെതിരെ ഒരു ഇന്റർനാഷണൽ മത്സരം കളിക്കുന്നത്.
ജപ്പാൻ ടി-20ക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ സ്‌ക്വാഡ്
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ (വൈസ് ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, യാഷ് താക്കൂർ, വിപ്രജ് നിഗം.
Content Highlight: Indian captain Shreyas Iyer’s gesture of inviting Afghan captain Ibrahim Zadran to lift the trophy drew attention