| Friday, 10th July 2026, 7:58 am

ലോകത്തിലെ ആദ്യ ക്യാപ്റ്റന്‍; തിരിച്ചടിയിലും ഇംഗ്ലണ്ട് തൂക്കി അയ്യര്‍

സുദേവ് എ

ഇന്ത്യക്കെതിരായ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. പരമ്പരയിലെ നാലാം മത്സരത്തില്‍ പരാജയപ്പെട്ടതോടെ പരമ്പര 3-0ത്തിന് ത്രീ ലയണ്‍സ് സ്വന്തമാക്കി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു.

നാലാം മത്സരത്തില്‍ ഒമ്പത് വിക്കറ്റുകളുടെ തകര്‍പ്പന്‍ വിജയമാണ് ഇംഗ്ലണ്ട് കൈവരിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13.5 ഓവറില്‍ ലക്ഷ്യം അനായാസമായി മറികടന്നു.

മത്സരം ഇന്ത്യ പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പ്രകടനമാണ് ഏറെ ശ്രദ്ധേയമായത്. മത്സരത്തില്‍ ശ്രേയസ് അയ്യരുടെ ഒറ്റയാള്‍ പ്രകടനമാണ് ഇന്ത്യക്ക് മാന്യമായ ടോട്ടല്‍ സമ്മാനിച്ചത്. 49 പന്തില്‍ പുറത്താവാതെ 80 റണ്‍സാണ് അയ്യര്‍ അടിച്ചെടുത്തത്. നാല് ഫോറുകളും അഞ്ച് കൂറ്റന്‍ സിക്‌സുകളുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഈ പരമ്പരയിലെ അയ്യരുടെ രണ്ടാം അര്‍ധ സെഞ്ച്വറിയായിരുന്നു ഇത്. ടി-20യില്‍ ഇന്ത്യക്കായി അയ്യര്‍ നേടുന്ന പത്താം ഫിഫ്റ്റിയുമായിരുന്നു ഇത്. വീണ്ടുമൊരു അര്‍ധ സെഞ്ച്വറി നേടിയതോടെ ലോകത്തൊരു ക്യാപ്റ്റനും അവകാശപ്പെടാനാവാത്ത ഒരു നേട്ടത്തിലേക്കാണ് ഇന്ത്യന്‍ നായകന്‍ നടന്നുകയറിയത്.

ഇംഗ്ലണ്ടില്‍ ഒരു ടി-20 പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറി നേടുന്ന ചരിത്രത്തിലെ ആദ്യ ക്യാപ്റ്റനായാണ് അയ്യര്‍ മാറിയത്. പരമ്പരയിലെ ആദ്യ മത്സരത്തിലായിരുന്നു അയ്യര്‍ ആദ്യ അര്‍ധ സെഞ്ച്വറി നേടിയത്. 47 പന്തില്‍ 68 റണ്‍സാണ് അയ്യര്‍ അടിച്ചെടുത്തത്. ആറ് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രകടനം.

ക്യാപ്റ്റനായുള്ള ആദ്യ ഫിഫ്റ്റിയില്‍ തന്നെ ടി-20യില്‍ ഇംഗ്ലണ്ടില്‍ 50+ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായും ശ്രേയസ് മാറിയിരുന്നു.

ഇതിന് മുമ്പ് ഇന്ത്യയെ ടി-20യില്‍ നയിച്ച പല ക്യാപ്റ്റന്മാര്‍ക്കും സാധിക്കാത്ത നേട്ടമായിരുന്നു അയ്യര്‍ ക്യാപ്റ്റന്‍സിയേറ്റെടുത്ത മൂന്നാം മത്സരത്തില്‍ തന്നെ നേടിയത്. ഇതിന് മുമ്പ് ടി-20യിലെ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോര്‍ വിരാട് കോഹ്‌ലിയുടെ പേരിലായിരുന്നു. 2018ല്‍ 47 റണ്‍സായിരുന്നു വിരാട് നേടിയിരുന്നത്.

മത്സരത്തില്‍ അയ്യര്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയും ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് വിജയം നേടിയത്.

35 പന്തുകളില്‍ നിന്നും എട്ട് ഫോറുകളും നാല് സിക്‌സുകളും അടക്കം പുറത്താവാതെ 78 റണ്‍സാണ് ബ്രൂക്ക് നേടിയത്. 42 പന്തില്‍ പുറത്താവാതെ 59 റണ്‍സാണ് സാള്‍ട്ട് സ്വന്തമാക്കിയത്. ഒമ്പത് ഫോറുകളും ഒരു സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്.

ഇംഗ്ലണ്ട് ബൗളിങ്ങില്‍ ജോഫ്ര അര്‍ച്ചര്‍, ജോഷ് ടംങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വിൽ ജാക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. മറുഭാഗത്ത് ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റും നേടി.

ശ്രേയസ് അയ്യര്‍. Photo: Cricket Central/x.com

അതേസമയം ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യക്ക് ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയാണ് അയ്യരുടെ കീഴില്‍ ഇന്ത്യ ആദ്യമായി പരാജയപ്പെടുന്നത്. ചരിത്രത്തിലാദ്യമായാണ് അയര്‍ലാന്‍ഡിനെതിരെ ഇന്ത്യ ഒരു പരമ്പരയില്‍ തോല്‍വി വഴങ്ങിയത്.

സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഒരു പരമ്പരയും പരാജയപ്പെടാതെ മുന്നേറിയ ഇന്ത്യ പുതിയ ക്യാപ്റ്റന്റെ കീഴില്‍ പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ ഇംഗ്ലണ്ട് പരമ്പരയും നഷ്ടമായതോടെ അയ്യരുടെ ക്യാപ്റ്റന്‍സിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

നാളെയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അവസാന ടി-20 മത്സരം നടക്കുന്നത്. ആശ്വാസ വിജയം ലക്ഷ്യം വെച്ചാവും ശ്രേയസ് അയ്യരും സംഘവും കളത്തിലിറങ്ങുക. മറുവശത്ത് പരമ്പര വൈറ്റ് വാഷ് ചെയ്യുകയായിരിക്കും ഇംഗ്ലണ്ടിന്റെ മുന്നിലുള്ള ലക്ഷ്യം.

Indian captain Shreyas Iyer creates new historic record in England in T20

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more