| Tuesday, 16th June 2026, 10:48 pm

വലിയ ഉത്തരവാദിത്വങ്ങളാണ് അവന് മുന്നിലുള്ളത്, ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരമാണവന്‍: ഇന്ത്യന്‍ ബൗളിങ് കോച്ച് സൈരജ് ബഹുതുലെ

ശ്രീരാഗ് പാറക്കല്‍

ശ്രീലങ്ക എയും ഇന്ത്യ എയും തമ്മിലുള്ള മത്സരത്തിനിടയില്‍ വൈഭവ് സൂര്യവംശിയും ലങ്കന്‍ താരവും കൊമ്പുകോര്‍ത്തത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ സംസാരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ സൈരജ് ബഹുതുലെ. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും വൈഭവ് ശാന്ത സ്വഭാവക്കാരനാണെന്നും എന്നാല്‍ താരത്തെ എന്താണ് പ്രകോപിപ്പിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അത് ദൗര്‍ഭാഗ്യകരമായ സംഭവമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ അവനെ (വൈഭവ്) എങ്ങനെ പ്രകോപിപ്പിച്ചുവെന്ന് നമുക്കറിയില്ല. വൈഭവ് വളരെ ശാന്തസ്വഭാവമുള്ള കുട്ടിയാണ്. സംഭവം നിര്‍ഭാഗ്യകരമാണെങ്കിലും അവിടെ പരിചയസമ്പന്നരായ പരിശീലകര്‍ ഉണ്ടെന്നും, അവര്‍ അവനെ കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.

അതുപോലെ തന്നെ ശ്രീലങ്കന്‍ താരങ്ങള്‍ക്കും എങ്ങനെ പെരുമാറണം എന്ന കാര്യത്തില്‍ ബോധവല്‍ക്കരണം നല്‍കേണ്ടതുണ്ട്. അതേ കാര്യം നമ്മുടെ താരങ്ങള്‍ക്കും ബാധകമാണ്.

എന്തുകൊണ്ടാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്ന് അവനോട് വിശദീകരണം ചോദിക്കുമെന്ന് ഉറപ്പാണ്. അവന്‍ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു യുവതാരമാണ്. വലിയ ഉത്തരവാദിത്വങ്ങളാണ് അവന് മുന്നിലുള്ളത്. അതിലുപരി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരവുമാണ്.

ഇനി മുന്നോട്ടുപോകുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ അവബോധവും പക്വതയും അവനുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത്തരമൊരു സംഭവം വീണ്ടും ആവര്‍ത്തിക്കില്ലെന്നും എനിക്ക് ഉറപ്പുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനും സാധിക്കും,’ സൈരജ് ബഹുതുലെ മാധ്യമങ്ങളോട് പറഞ്ഞു.

ത്രിരാഷ്ട്ര പരമ്പരയിലെ ആവേശപ്പോരാട്ടത്തിന് ഒടുവില്‍ ഇന്ത്യ എക്കെതിരെ സൂപ്പര്‍ ഓവറില്‍ ശ്രീലങ്ക എ വിജയം സ്വന്തമാക്കിയിരുന്നു. സൂപ്പര്‍ ഓവറിലെ അവസാന പന്തില്‍ ജയിക്കാന്‍ എട്ട് റണ്‍സ് വേണമെന്നിരിക്കെ കുഗാതാസ് മാതുലന്‍ എറിഞ്ഞ വൈഡ് യോര്‍ക്കറില്‍ വൈഭവിന് റണ്‍സ് കണ്ടെത്താനായില്ല. ഇന്ത്യയുടെ ഇന്നിങ്‌സ് ഒമ്പത് റണ്‍സില്‍ അവസാനിച്ചതോടെ ശ്രീലങ്ക ഏഴ് റണ്‍സിന്റെ ആവേശവിജയം സ്വന്തമാക്കി.

എന്നാല്‍ മത്സരം കഴിഞ്ഞതിന് ശേഷം ഗ്രൗണ്ടില്‍ നാടകീയ രംഗങ്ങളായിരുന്നു അരങ്ങേറിയത്. വിജയാഘോഷത്തിനിടെ ലങ്കന്‍ താരം വിഷന്‍ ഹലംബാഗെ 15 വയസുകാരനായ വൈഭവിന് സമീപമെത്തി ആവേശപ്രകടനം നടത്തിയതോടെ ഇരുവരും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.

പിന്നാലെ വൈഭവ് ശ്രീലങ്കന്‍ താരം ഹലംബാഗെയെ തള്ളിയപ്പോള്‍, ലങ്കന്‍ താരം തിരിച്ചുതള്ളി. മറ്റ് താരങ്ങള്‍ ഇടപെട്ടതോടെയാണ് സംഭവം കൂടുതല്‍ വഷളാകാതെ അവസാനിച്ചത്. ഇതോടെ ക്രിക്കറ്റ് സര്‍ക്കിളില്‍ വൈഭവും ലങ്കന്‍ താരവും തമ്മിലുണ്ടായ വഴക്ക് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

Content Highlight: Indian Bowling Coach Talking About Fight Between Vaibhav Sooryavanshi And Sri Lankan Players

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more