മലയാളി താരം സഞ്ജു സാംസണിന് പിന്തുണയുമായി ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍. ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയില്‍ നിറം മങ്ങിയ സഞ്ജുവിന് ഫോമിലേക്ക് തിരിച്ചെത്താന്‍ ഒരു മികച്ച പ്രകടനം മാത്രം മതിയെന്ന് മോര്‍ക്കല്‍ പറഞ്ഞു.
എന്നാല്‍ ലോകകപ്പിനായി തയ്യാറെടുക്കുമ്പോള്‍ ശരിയായ സമയത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല മികച്ച രീതിയിലാണ് സഞ്ജു പരിശീലനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘സഞ്ജുവിന് ഫോമിലേക്ക് തിരിച്ചെത്താന്‍ ഒരു മികച്ച പ്രകടനം മാത്രം മതി. ഫോം താല്‍ക്കാലികമാണെന്ന ക്ലീഷേ വാക്ക് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ലോകകപ്പിനായി തയ്യാറെടുക്കുമ്പോള്‍ ശരിയായ സമയത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടത് പ്രധാനമാണ്.
ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി-20യില്‍ സഞ്ജു സാംസണ്‍ ബൗള്‍ഡായപ്പോള്‍ – Photo: getty
അദ്ദേഹം നന്നായി പരിശീലനം നടത്തുകയും പന്ത് അടിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ സഞ്ജുവിന് സ്‌കോര്‍ നേടാന്‍ കുറച്ച് സമയത്തിന്റെ ആവശ്യം മാത്രമാണുള്ളത്,’ മത്സരത്തിന് മുന്നോടിയായി ഇന്ന് (ചൊവ്വാഴ്ച) നടന്ന പത്രസമ്മേളനത്തില്‍ മോര്‍ക്കല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നഷ്ടമായ തന്റെ ഓപ്പണിങ് സ്ഥാനം സഞ്ജുവിന് തിരികെ ലഭിച്ചത് കിവീസിന് എതിരെയുള്ള പരമ്പരയിലാണ്. കൂടാതെ, ലോകകപ്പിനുള്ള സ്‌ക്വാഡിലും താരത്തെ ഓപ്പണര്‍ കം വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ലോകകപ്പിന് മുന്നോടിയായുള്ള നിര്‍ണായക പരമ്പരയില്‍ ഇതുവരെ സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിട്ടില്ല.
10, 6, 0 എന്നിങ്ങനെയാണ് കിവീസിന് എതിരെയുള്ള സഞ്ജുവിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലെ സ്‌കോര്‍. ഇതോടെ താരത്തിന്റെ ലോകകപ്പിലെ ഓപ്പണിങ് സ്ഥാനവും ചോദ്യം ചെയ്യപ്പെടുകയാണ്. ഫോം വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ മലയാളി താരത്തിന് ബെഞ്ചിലിരിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. എന്നിരുന്നാലും അവസാന രണ്ട് മത്സരങ്ങള്‍ താരം ഫോമിലേക്ക് തിരിച്ചെത്തുമെന്നും ലോകകപ്പില്‍ ഓപ്പണറായും വിക്കറ്റ് കീപ്പറായും സഞ്ജു തന്നെ കളത്തില്‍ ഇറങ്ങുമെന്നുമാണ് പ്രതീക്ഷ.
Content Highlight: Indian Bowling Coach Morne Morkel Supports Sanju Samson