2025 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വമ്പന്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്. മത്സരം സെപ്റ്റംബര്‍ 14ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മികച്ച പോരാട്ടത്തിനായിരിക്കും ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിക്കുക.
എന്നാല്‍ ഈ വമ്പന്‍ മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് ബാറ്റ് ചെയ്യാനും തന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാനും സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. കാരണം ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ യു.എ.ഇയ്‌ക്കെതിരെ ഓപ്പണിങ് സ്ഥാനത്ത് ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയുമായിരുന്നു ഇറങ്ങിയത്.
എന്നാല്‍ നേരത്തെ ഓപ്പണിങ് പൊസിഷനില്‍ കളിച്ച സഞ്ജു അഞ്ചാം സ്ഥാനത്ത് ഫിനിഷര്‍ റോളിലായിരുന്നു ഇടം പിടിച്ചത്. മാത്രമല്ല സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ വരാനിരിക്കുന്ന വമ്പന്‍ മത്സരത്തില്‍ സഞ്ജു മൂന്നാം നമ്പറില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങാന്‍ സാധ്യതയെണ്ടെന്ന് പറയുകയാണ് ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക്.
ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ സഞ്ജുവിന് മൂന്നാമനായി ഇറങ്ങാന്‍ സാധിച്ചിരുന്നില്ലെന്നും എന്നാല്‍ അടുത്ത മത്സരത്തില്‍ സഞ്ജു മൂന്നാം സ്ഥാനത്ത് കളിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് അദ്ദേഹം സൂചിപ്പിച്ചത്. അടുത്ത മത്സരത്തില്‍ എന്തെങ്കിലും സംഭവിക്കുമെന്ന് കൊട്ടക് പറഞ്ഞു. പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സഞ്ജു സാംസണ്‍ അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ അധികം ബാറ്റ് ചെയ്തിട്ടില്ല, എന്ന് കരുതി ആ പൊസിഷനില്‍ അവനെ കളിപ്പിക്കില്ലെന്നല്ല. എല്ലാവര്‍ക്കും അവന്റെ റോള്‍ എന്താണെന്ന് അറിയാം. കഴിഞ്ഞ മത്സരത്തില്‍ (ഏഷ്യാ കപ്പില്‍ യു.എ.ഇയ്‌ക്കെതിരായ ആദ്യ മത്സരം) അവന്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തില്ല, എന്നുകരുതി അവനെ മൂന്നാം നമ്പറില്‍ കളിപ്പിക്കില്ല എന്നല്ല. എനിക്ക് തോന്നുന്നു അടുത്ത മത്സരത്തില്‍ മറ്റെന്തെങ്കിലും സംഭവിച്ചേക്കാന്‍ സാധ്യതയുണ്ട്,’ സിതാന്‍ഷു കൊട്ടക് പി.ടി.ഐയില്‍ പറഞ്ഞു.
അതേസമയം ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ (എ. ഗ്രൂപ്പ്) തന്നെയാണെന്നതും ആരാധകരെ ആവേശത്തിലാക്കുന്ന കാര്യമാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.
Content Highlight: Indian batting coach Says Sanju Samson likely to bat at number three against Pakistan