ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ആശങ്കയായി ബാറ്റര്‍ ജെമീമ റോഡ്രിഗസിന് ഹാംസ്ട്രിങ് പരിക്ക്. നിലവില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ദി ഹണ്ട്രഡ് ടൂര്‍ണമെന്റില്‍ സതേണ്‍ ബ്രേവിനായി കളിക്കുന്നതിനിടെയാണ് 25കാരിയായ താരത്തിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ദി ഹണ്ട്രഡ് ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ജെമീമ പിന്മാറിയിരിക്കുകയാണ്.
ജെമിമയ്ക്ക് പകരക്കാരിയായി ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ചാര്‍ലി നോട്ടിനെ സതേണ്‍ ബ്രേവ് ടീമില്‍ ഉള്‍പ്പെടുത്തി. പരിക്ക് സംബന്ധിച്ച് കൂടുതല്‍ വിശദമായ മെഡിക്കല്‍ വിവരങ്ങളോ ജെമീമ എത്രകാലം വിശ്രമിക്കണമെന്നതോ ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനാല്‍ തന്നെ ഓഗസ്റ്റ് 28ന് ആരംഭിക്കുന്ന വനിതാ ടി-20 ഏഷ്യാ കപ്പില്‍ താരത്തിന് കളിക്കാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പില്ല.
ദി ഹണ്ട്രഡില്‍ സതേണ്‍ ബ്രേവിനായി മികച്ച പ്രകടനമാണ് ജെമീമ നടത്തിയത്. ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 143 റണ്‍സാണ് താരം നേടിയത്. 35.75 എന്ന ബാറ്റിങ് ശരാശരിയാണ് താരത്തിനുള്ളത്. 131.19 സ്‌ട്രൈക്ക് റേറ്റും സ്വന്തമാക്കിയ ജെമിമയുടെ ടൂര്‍ണമെന്റിലെ ഉയര്‍ന്ന സ്‌കോര്‍ 42 റണ്‍സാണ്. സണ്‍റൈസേഴ്‌സ് ലീഡ്‌സിനെതിരായ മത്സരത്തില്‍ പുറത്താകാതെ 42 റണ്‍സ് നേടിയിരുന്നു.
അതേസമയം ജമീമയുടെ പരിക്ക് ഇന്ത്യന്‍ ക്യാമ്പില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരക്കുന്നത്. ഓഗസ്റ്റ് 28ന് ആരംഭിക്കുന്ന വനിതാ ടി-20 ഏഷ്യാ കപ്പില്‍ ഇന്ത്യ ഓഗസ്റ്റ് 30നാണ് ആദ്യ മത്സരം കളിക്കുന്നത്. തായ്‌ലാന്‍ഡാണ് ഇന്ത്യയുടെ ആദ്യ എതിരാളി. അതുകൊണ്ടുതന്നെ പരിക്കില്‍ നിന്ന് ഭേദമാകാന്‍ ജമീമയ്ക്ക് മൂന്ന് ആഴ്ച മാത്രമാണ് സമയം ലഭിക്കുക.
മാത്രമല്ല ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വമ്പന്‍ പോരാട്ടം സെപ്റ്റംബര്‍ 5ന് ദുബായില്‍ വെച്ചാണ് നടക്കുക.
രണ്ട് ഗ്രൂപ്പുകളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, തായ്‌ലാന്‍ഡ്, ഹോങ്കോങ് ചൈന എന്നിവരാണ് ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, യു.എ.ഇ, ഇന്തോനേഷ്യ എന്നിവരാണ് ഗ്രൂപ്പ് ബിയിലെ ടീമുകള്‍.
ഓഗസ്റ്റ് 28ന് തായ്ലാന്‍ഡും ഹോങ്കോങ് ചൈനയും തമ്മിലുള്ള മത്സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുക. വനിതാ ഏഷ്യാ കപ്പിന്റെ ആറാം പതിപ്പായ ഈ ടൂര്‍ണമെന്റ് ടി-20 ഫോര്‍മാറ്റിലാണ് നടക്കുക.